എ.ടി.എം, ഐ.ടി.ആർ, ഐ.പി.പി.ബി... ഈ മാറ്റം ഇന്നു മുതൽ
text_fieldsഎ.ടി.എം
അധിക എ.ടി.എം ഇടപാടിന് പുതുവർഷ ദിനം മുതൽ ബാങ്കുകൾ കൂടിയ നിരക്ക് ഈടാക്കും. ഇതനുസരിച്ച് സൗജന്യ എ.ടി.എം ഇടപാടുകൾക്കു ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ അധിക നിരക്ക് ഈടാക്കും. പണമായും അല്ലാതെയുമുള്ള ഇടപാടുകൾക്ക് ഇതു ബാധകമാണ്. നേരത്തേ 20 രൂപയായിരുന്നു നിരക്ക്. അധിക ചാർജിനൊപ്പം ജി.എസ്.ടി ഈടാക്കുമെന്ന് ചില ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. നിലവിൽ സ്വന്തം ബാങ്കിെൻറ എ.ടി.എമ്മിൽനിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം.
ഐ.ടി.ആർ
ആദായ നികുതി റിട്ടേൺ സമർപ്പണം വൈകിയാലുള്ള പിഴ 10,000 രൂപയിൽനിന്ന് കുറച്ച് 5,000 രൂപയാക്കി. 2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ നൽകേണ്ട തീയതി ഡിസംബർ 31ന് അവസാനിച്ചു. ഇനി റിട്ടേൺ നൽകുന്നതിന് 5000 രൂപ പിഴയൊടുക്കണം. നേരത്തേ 10,000 രൂപയായിരുന്നു. നികുതി വിധേയ വരുമാനത്തേക്കാൾ കുറവാണ് വ്യക്തിയുടെ വാർഷിക വരുമാനമെങ്കിൽ വൈകി നൽകുന്ന റിട്ടേണിന് പിഴ നൽകേണ്ട.
ഐ.പി.പി.ബി
തപാൽ വകുപ്പിന് കീഴിലെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് (ഐ.പി.പി.ബി) അതിെൻറ ശാഖകൾ വഴിയുള്ള പണം പിൻവലിക്കൽ ഇടപാടുകൾക്ക് നിരക്ക് കൂട്ടി. ബേസിക് സേവിങ്സ് അക്കൗണ്ടിൽ മാസം നാല് ഇടപാടുകൾ സൗജന്യമാണ്. അധികം വരുന്ന ഓരോ ഇടപാടിനും അര ശതമാനമായിരിക്കും ഈടാക്കുക. പണ നിക്ഷേപത്തിന് അധിക ചാർജുണ്ടാകില്ല.