കഴിഞ്ഞ വർഷം തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തിയത് 2113 കോടി രൂപ; എ.ടി.എം, സൈബർ തട്ടിപ്പുകളിൽ 65 ശതമാനം വർധന
text_fieldsന്യൂഡൽഹി: രാജ്യത്ത് 2022ൽ എ.ടി.എം, സൈബര്‍ തട്ടിപ്പുകള്‍ എന്നിവയില്‍ 65 ശതമാനം വർധനയുണ്ടായെന്ന് ധനമന്ത്രാലയം. തട്ടിപ്പുകാർ കൈക്കലാക്കിയ പണം മുൻവർഷത്തേതിനെക്കാൾ ഇരട്ടിയാവുകയും ചെയ്തു. പാർലമെന്‍ററി സമിതിക്ക് മുമ്പാകെ ധനമന്ത്രാലയം കഴിഞ്ഞ മാസം സമർപ്പിച്ച കണക്കുകളാണിത്. ഒരു മാസം ശരാശരി 2000 പേരാണ് എ.ടി.എം വഴിയും ഓൺലൈനായുമുള്ള പണം തട്ടിപ്പിനിരയാകുന്നതെന്ന് നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
2021ൽ 10.80 ലക്ഷം പണം തട്ടിപ്പുകളിലൂടെ 1119 കോടി രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. അതായത്, രാജ്യത്ത് നടന്ന ഓരോ 67,000 ഇടപാടിലും ഒന്ന് തട്ടിപ്പായിരുന്നു. 2022ൽ ഇത് ഓരോ 64,000ത്തിലും ഒന്ന് എന്ന തോതിൽ ഉയർന്നു. 17.8 ലക്ഷം തട്ടിപ്പുകളാണ് നടന്നത്. 2113 കോടി രൂപയാണ് ഇത്തരത്തിൽ തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തിയത്.
ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ ചെറുക്കാന്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രത്തോട് പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ചിട്ടുണ്ട്. തട്ടിപ്പില്‍ പണം നഷ്ടമാകുന്ന ഇടപാടുകാരന് നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് ഓട്ടോമാറ്റിക് കോമ്പന്‍സേഷന്‍ സൗകര്യം ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായാൽ എന്തുചെയ്യണം?
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായാൽ ഉടൻ തന്നെ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ വിളിക്കാം. പണം നഷ്ടമായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂറിനുള്ളിൽ) സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആയ 1930ലേക്ക് വിളിച്ചു പരാതി നൽകിയാൽ തട്ടിപ്പുകാർ പണം പിൻവലിക്കുന്നതിന് മുൻപ് തന്നെ ബാങ്ക് വഴിയും മറ്റും ട്രാൻസാക്ഷൻ ബ്ലോക്ക് ചെയ്യാനാകും. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

