അതിഷി ഐ.സി.യുവിൽ; അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു
text_fieldsഅതിഷി
ന്യൂഡൽഹി: ഡൽഹി ജലവിഭവ മന്ത്രി അതിഷിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചതായി ആം ആദ്മി പാർട്ടി അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അതിഷിയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ലോക് നായക് ജയ് പ്രകാശ് (എൽ.എൻ.ജെ.പി) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞ സാഹചര്യത്തിലാണ് ഐ.സി.യുവിലേക്ക് അതിഷിയെ മാറ്റിയത്. എൽ.എൻ.ജെ.പി ഹോസ്പിറ്റലിലെ ഡോക്ടർമാർ തിങ്കളാഴ്ച അതിഷിയെ പരിശോധിക്കുകയും നിരാഹാരമിരിക്കുന്നതിന്‍റെ ശാരീരിക പ്രത്യാഘാതങ്ങളെക്കുറിച്ച് നിർദേശം നൽകുകയും ചെയ്തിരുന്നു. എല്ലാ രക്തപരിശോധനകളും നടത്തിയെന്നും അതിഷിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ജൂൺ 22നാണ് ഹരിയാന സർക്കാർ ഡൽഹിക്ക് ജലവിഹിതം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. 'അതിഷി അഞ്ച് ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ആരോഗ്യം വഷളായതിനെ തുടർന്ന് ഡോക്ടർമാർ സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിഷി ഇപ്പോഴും ഐ.സി.യുവിലാണ്. അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുകയാണ്. ഡൽഹിക്ക് വെള്ളം വിട്ടുനൽകാൻ ഞങ്ങൾ പ്രധാനമന്ത്രിക്ക് കത്തെഴുതും'. എ.എ.പി എം.പി സഞ്ജയ് സിംഗ് പറഞ്ഞു. ഡൽഹിയിലെ ജലക്ഷാമം പ്രതിപക്ഷ പാർട്ടികളുമായി പാർലമെന്‍റിൽ ഉന്നയിക്കുമെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.
ഹരിയാന സർക്കാർ കഴിഞ്ഞ മൂന്നാഴ്ചയായി യമുനയിൽനിന്നുള്ള 100 മില്യൻ ഗാലൻ വെള്ളം പ്രതിദിനം വെട്ടിക്കുറച്ചതായി മന്ത്രി ആരോപിച്ചു. ഇത്രയും വലിയ അളവ് വെള്ളത്തിന്റെ അപര്യാപ്തതമൂലം ഡൽഹിയിലെ 28 ലക്ഷത്തോളം വരുന്ന ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. ഡൽഹിയിലേക്ക് വെള്ളമെത്തുന്ന യമുന നദിയിലെ ബാരേജിന്റെ എല്ലാ ഷട്ടറുകളും ഹരിയാന സർക്കാർ അടച്ചു. ഇതോടെ വരും ദിവസങ്ങളിൽ ജലക്ഷാമം കൂടുതൽ രൂക്ഷമാകും. ബാരേജിൽ ആവശ്യത്തിനു വെള്ളമുണ്ട്. എന്നിട്ടും ഡൽഹിയിലേക്കു തുറക്കേണ്ട ഷട്ടറുകൾ അടച്ചിരിക്കുകയാണ്. ഷട്ടറുകൾ തുറന്ന് ജനങ്ങൾക്ക് വെള്ളം നൽകുന്നത് വരെ തന്‍റെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് അതിഷി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

