അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു ഇത്; സ്കൂൾ പരിപാടിക്കിടെ സിസോദിയയെ ഓർത്ത് വിതുമ്പി കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ബവാനയിൽ പുതിയ സ്കൂൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഓർത്ത് വിതുമ്പി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ സ്കൂൾ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയായിരുന്നു സിസോദിയയുടെ സ്വപ്നമെന്നും കെജ്രിവാൾ പറഞ്ഞു.
മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത സിസോദിയയെ തിഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. സിസോദിയയെ ജയിലിലടച്ചത് കള്ളക്കേസിൽകുടുക്കിയതാണെന്നും വിപ്ലവ നേട്ടങ്ങൾ കൊണ്ടുവന്ന മന്ത്രിമാരെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.
നേരത്തേയും പൊതുവേദിയിൽ സിസോദിയയെ പ്രശംസിച്ച് കെജ്രിവാൾ സംസാരിച്ചിരുന്നു. ഡൽഹിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ പിതാവ് സിസോദിയ ആണെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ കെജ്രിവാൾ വിശേഷിപ്പിക്കുകയുണ്ടായി. ഏറ്റവും സത്യസന്ധനായ വ്യക്തിയാണ് സിസോദിയ എന്നും പുകഴ്ത്തി. ബവാനയിലെ സ്കൂളുകളുടെ ദുരിതാവസ്ഥ താൻ നേരിൽ കണ്ടറിഞ്ഞതാണെന്നും പുതിയ രണ്ട് സ്കൂളുകൾ ഉദ്ഘാടനം ചെയ്തതിലൂടെ താൻ വാഗ്ദാനം പാലിച്ചിരിക്കുകയാണെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു.