പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 15 പേർ മരിച്ചു, ആറ് പേരുടെ നില ഗുരുതരം
text_fieldsഅമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 15 പേർ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.
ഇന്നലെ രാത്രിയോടെയാണ് മദ്യം കഴിച്ചവർക്ക് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. വ്യാജമദ്യത്തിന്‍റെ പ്രധാന വിതരണക്കാരനായ പ്രഭ്ജീത് സിങ് എന്നയാളെ അറസ്റ്റ് ചെയ്തതായി അമൃത്സർ എ.എസ്.പി മനീന്ദർ സിങ് പറഞ്ഞു.
'ഇന്നലെ രാത്രി 9.30ഓടെയാണ് വിഷ മദ്യം കഴിച്ചതിനെ തുടർന്ന് ആളുകൾ മരിക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഉടൻ തന്നെ നടപടി സ്വീകരിച്ച് നാല് പേരെ കസ്റ്റഡിയിലെടുത്തു' -എ.എസ്.പി പറഞ്ഞു.
വിവരം അറിഞ്ഞതോടെ ഗ്രാമങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചതായി അമൃത്സർ ഡെപ്യൂട്ടി കമീഷണർ സാക്ഷി സാഹ്നി പറഞ്ഞു. വീടുകൾ തോറും ചെന്ന് വിവരങ്ങൾ ശേഖരിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ലക്ഷണങ്ങളുള്ള എല്ലാവരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകും. മദ്യവിതരണക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ് -ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

