ശുഭാംശു ശുക്ല ഇന്ത്യയിലെത്തി, ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചേക്കും
text_fieldsന്യൂഡൽഹി: ആക്സിയം നാല് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോയ ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയാണ് അദ്ദേഹമെത്തിയത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ദേശീയ പതാക വീശി വലിയ ജനക്കൂട്ടവും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.
ആക്സിയം നാല് ദൗത്യത്തിന്റെ ഭാഗമായി നാളുകളായി ശുഭാംശുവിന് ജന്മരാജ്യത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. ദൗത്യത്തിനായുള്ള പരിശീലനത്തിനായി അദ്ദേഹം ഒരു വർഷമായി യു.എസിലായിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയേക്കും. 23ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.
2027 ൽ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗഗൻയാൻ മുതൽ ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്ര പ്രതീക്ഷകൾക്ക് ശുഭാംശു ശുക്ല വലിയ സംഭാവനകൾ നൽകുമെന്നാണ് കരുതപ്പെടുന്നത്. 2035 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയവും 2040 ഓടെ ചന്ദ്രനിലേക്ക് ഒരു ക്രൂ ദൗത്യവും ഇന്ത്യ ആസൂത്രണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

