ഞങ്ങളെപ്പോഴും സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചിട്ടുള്ളത്; ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ തൃണമൂൽ കോൺഗ്രസിലെ ആലിഫ അഹ്മദ്
text_fieldsകൊൽക്കത്ത: ജനങ്ങൾക്കൊപ്പം നിന്നതിന്റെ പ്രതിഫലമാണ് ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് പശ്ചിമ ബംഗാളിലെ ആലിഫ അഹ്മദ്. പശ്ചിമ ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആലിഫ അഹ്മദ് വിജയിച്ചത്. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും ജനങ്ങൾക്ക് നൽകിയ ആലിഫ മമത ബാനർജിക്ക് നന്ദിയും അറിയിച്ചു.
''ഞങ്ങളെല്ലായ്പ്പോഴും സാധാരണക്കാരനെ മുന്നിൽ കണ്ടാണ് പ്രവർത്തിക്കാറുള്ളത്. അതാണ് തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന്റെ അടിത്തറയും. മറ്റുള്ളവരെ പോലെ മതം ഞങ്ങൾ ഒരിക്കലും ആയുധമാക്കാറില്ല. എല്ലായ്പ്പോഴും പാർട്ടി സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നു. അതാണ് ജനങ്ങൾ വിജയം നൽകി ഞങ്ങളെ അനുഗ്രഹിക്കാനുള്ള കാരണവും''-ആലിഫ മാധ്യമങ്ങളോട് പറഞ്ഞു.
50,000ത്തിലേറെ വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ടി.എം.സി നേതാവിന്റെ വിജയം. കാളിഗഞ്ചിൽ ബി.ജെ.പിയുടെ ആശിഷ് ഘോഷിനെയും കോൺഗ്രസിന്റെ കബിലുദ്ദീൻ ശൈഖിനെയുമാണ് ആലിഫ പരാജയപ്പെടുത്തിയത്.
ജനങ്ങൾക്ക് നന്ദി പറയുന്നതിനൊപ്പം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും മുതിർന്ന പാർട്ടി നേതാക്കൾക്കും അവർ പ്രത്യേകം നന്ദി പറഞ്ഞു.
''എന്റെ വിജയം കാളിഗഞ്ചിലെ ജനങ്ങൾക്ക് സമർപ്പിക്കുകയാണ്. അതോടൊപ്പം ഞങ്ങളുടെ മുഖ്യമന്ത്രി മമത ബാനർജിക്ക് പ്രത്യേകം നന്ദി പറയുന്നു. അവരുടെ പോരാട്ടവും തത്വങ്ങളുമാണ് എന്നെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നതും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതും. അതോടൊപ്പം എല്ലാവിധ സഹായങ്ങളും നൽകി കൂടെ നിന്ന അഭിഷേക് ബാനർജി, മറ്റ് നേതാക്കൾ എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുകയാണ്''-ടി.എം.സി നേതാവ് പറഞ്ഞു.
1,02,759 വോട്ടുകളാണ് ആലിഫ അഹ്മദ് നേടിയത്. ബി.ജെ.പി സ്ഥാനാർഥിക്ക് 52,710 വോട്ടുകളും കോൺഗ്രസ് സ്ഥാനാർഥിക്ക് 28,348 വോട്ടുകളും ലഭിച്ചു.
ടി.എം.സി നേതാവ് നസിറുദ്ദീൻ അഹ്മദിന്റെ നിര്യാണത്തോടെയാണ് കാളിഗഞ്ചിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇദ്ദേഹത്തിന്റെ മകളാണ് ആലിഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

