പശു മാംസം കൈവശം വെച്ചെന്നാരോപിച്ച് മർദ്ദനം; പോത്തിന്റെ മാംസമാണ് കൈവശമുണ്ടായിരുന്നതെന്ന് ഫോറൻസിക് റിപ്പോർട്ട്, അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്
text_fieldsഅലിഗഡ്: പശു മാംസം കൈവശം വെച്ചെന്നാരോപിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ഗോരക്ഷ സംരക്ഷണ പ്രവർത്തകർ നാലുപേരെ ക്രൂരമായി അക്രമിച്ച് പരിക്കേൽപ്പിച്ചത്. എന്നാൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതോടെ കൈവശമുണ്ടായത് പോത്തിന്റെ മാംസമാണെന്ന് തെളിഞ്ഞു. മഥുരയിലെ ഫോറൻസിക് ലബോറട്ടറിയിലാണ് പരിശോധന നടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ഹാർദുഗാൻജ് പൊലീസ് പറഞ്ഞു.
'പരിശോധനക്കായി അയച്ച മാംസത്തിന്റെ സാമ്പിൾ പോത്തിന്റെ ഇറച്ചിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ലബോറട്ടറി റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. നിലവിൽ ഉത്തർപ്രദേശിൽ പോത്തിന്റെ മാംസത്തിന് നിരോധനമില്ല. കേസിനെക്കുറിച്ചുള്ള കൂടുതൽ നടപടികൾ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത തീരുമാനിക്കുമെന്ന് അലിഗഡ് പൊലീസ് ഇൻസ്‌പെക്ടർ ധീരജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു'.
ഹർദുവാഗഞ്ചിലെ അലഹദാപൂരിലാണ് പശു മാംസം കൈവശം വെച്ചെന്നാരോപിച്ച് നദീം, അഖീൽ, അർബാസ്, ഖാദിർ എന്നീ നാലുപേരെ ഗോരക്ഷ സംരക്ഷകർ ക്രൂരമായി അക്രമിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് ഇവരെ ജില്ല ആശുപത്രിയിലും വിദഗ്‌ദ്ധ ചികിത്സക്കായി ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തിൽ വിജയ് ബജ്‌രംഗി, വിജയ് ഗുപ്ത, ലവ്കുഷ് ബജ്‌രംഗി എന്നിവരെ ഞായറാഴ്ച ഹാർദുഗാൻജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടത്തിലുണ്ടായ രണ്ടുപേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇരുപതിലധികം അക്രമകാരികളുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
റോറാവറിലെ അൽ അമ്മാർ ഫാക്ടറിയിൽ നിന്ന് അലിഗഡിലെ മാർക്കറ്റിലേക്ക് പോത്തിന്റെ മാംസം കൊണ്ട് പോകുന്നതിനുള്ള തെളിവുകൾ തങ്ങളുടെ കൈവശമുണ്ടായിരുന്നതായി പരിക്കേറ്റ അഖീൽ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ അക്രമികൾ ഞങ്ങളിൽ നിന്നും 50,000 രൂപ ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഇരുമ്പ് വടി കൊണ്ട് അക്രമം ആരംഭിച്ചതെന്നും അഖീൽ കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഹാർദുഗാൻജ് പൊലീസ് ഇരകളായ നാലുപേർക്കെതിരെ മാംസം കടത്തിയതിനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ട്ടിച്ചതിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത് പിൻവലിക്കണമെന്ന ആവിശ്യം ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

