അസമീസ് നടൻ കുലദ കുമാർ ഭട്ടാചാര്യ അന്തരിച്ചു
text_fieldsഗുവാഹതി: മുതിർന്ന അസമീസ് നടൻ കുലദ കുമാർ ഭട്ടാചാര്യ (91) അന്തരിച്ചു. പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം ഏതാനും ദിവസം മുമ്പ് ഗുവാഹതിയിലെ ദിസ്പൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
നാടകവേദിയിലും സിനിമയിലും ഡോക്യുമെന്ററി നിർമാണത്തിലും റേഡിയോ നാടകത്തിലും മികച്ച സംഭാവന നൽകിയ അദ്ദേഹം വാർധക്യത്തിന്റെ അവശതയിലും കലാരംഗത്ത് സജീവമായിരുന്നു. ഹട്ടിബൊന്തു എന്ന ഡോക്യുമെന്ററിയിലൂടെ മികച്ച നരേഷൻ/വോയ്സ് ഓവറിനുള്ള ദേശീയ പുരസ്കാരം നേടിയത് 2023ലാണ്.
ശകുന്തള, ലട്ടിഘട്ടി, ചിക്മിക് ബിജുലീ, മജ് രട്ടി കെടെകി, വില്ലേജ് റോക് സ്റ്റാർ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ സിനിമകളാണ്. മൃതദേഹം അദ്ദേഹത്തിന്റെ താൽപര്യപ്രകാരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് കൈമാറുമെന്ന് കുടുംബം അറിയിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.

