കുട്ടികൾ ഇല്ലാത്ത മകൾക്കായി യുവതിയെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്തു ; ദമ്പതിൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
text_fieldsഗുവാഹതി: യുവതിയെ കൊന്ന് 10 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അസമിലാണ് സംഭവം. കെന്ദുഗുരി ബൈലുങ് സ്വദേശി നിതുമണി ലുഖുറാഖൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ചരയ്ദിയോ ജില്ലയിലെ രാജാബാരി തേയിലത്തോട്ടത്തിലെ ഓടയിൽ നിന്ന് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പ്രതികളായ പ്രണാലി ഗോഗോയി എന്ന ഹിരാമയി, ഭർത്താവ് ബസന്ത ഗൊഗോയി, മകൻ പ്രശാന്ത ഗൊഗോയി, കൊല്ലപ്പെട്ട യുവതിയുടെ മാതാവ് ബോബി ലുഖുറഖനെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളില്ലാത്ത തങ്ങളുടെ മകൾക്ക് കുഞ്ഞിനെ നൽകാൻ വേണ്ടി ഗൊഗോയ് ദമ്പതികൾ നടപ്പാക്കിയ പദ്ധതിയാണ് കൊലപാതകം. ആദ്യം യുവതിയെയും കുഞ്ഞിനെയും തെറ്റിദ്ധരിപ്പിച്ച് ഒരിടത്തെത്തിക്കുകയും അവിടെ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ യുവതി അത് പ്രതിരോധിച്ചതോടെ കൊല്ലുകയായിരുന്നു.
സിമലുഗുരിയിലെ ചന്തയിൽ പോയ യുവതിയെ തിങ്കളാഴ്ച വൈകീട്ടുമുതൽ കാണാനില്ലായിരുന്നു. യുവതിയുടെ കുഞ്ഞിനെ ജോർഹടിലെ അന്തർസംസ്ഥാന ബസ് ടെർമിനലിൽ നിന്ന് പൊലീസ് കണ്ടെത്തി.
കുഞ്ഞിനെ പ്രതികളായ ദമ്പതികളുടെ മകൾ താമസിക്കുന്ന ഹിമാചൽ പ്രദേശിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതിയാണെന്നാണ് പൊലീസ് കരുതുന്നത്. പ്രണാലി ഗോഗോയിയെ തെങ്കാപുകുരിയിൽ നിന്നും അവരുടെ ഭർത്താവ് ബസന്ത ഗൊഗോയിയെ സിമലുഗുരി റെയിൽവേ ജങ്ഷനിൽ നിന്നും പൊലീസ് പിടികൂടി. ഇവരുടെ മകൻ പ്രശാന്ത ഗോഗോയിയെയും മരിച്ച യുവതിയുടെ അമ്മ ബോബി ലുഖുറഖനെയും അടുത്ത ദിവസവും അറസ്റ്റ് ചെയ്തു.
ദമ്പതികൾ അറസ്റ്റിലായപ്പോഴേക്കും അവരുടെ മകൻ കുഞ്ഞിനെയും കൊണ്ട് ട്രെയിനിൽ യാത്ര തിരിച്ചിരുന്നു. എന്നാൽ ഇയാളെ ട്രെയിനിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

