Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മക്കൾ’ രാഷ്ട്രീയത്തിന് കൈകൊടുക്കാതെ അസം; പരാജയപ്പെട്ടത് മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ പിൻഗാമികൾ

text_fields
bookmark_border
Gaurav Gogoi, Debabrata Saikia, Diganta Barman
cancel

ദിസ്പുർ: അസം നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾക്ക് നേരിടേണ്ടിവന്നത് കനത്ത പരാജയം. ‘മക്കൾ’ രാഷ്ട്രീയത്തിന് പിന്തുണ നൽകാതെയായിരുന്നു അസമിലെ ജനങ്ങ​ളുടെ തിരഞ്ഞെടുപ്പ്. ലോക്സഭയിലെ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയ്, പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ എന്നിവരാണ് പരാജയപ്പെട്ടവരിൽ ​പ്രധാനികൾ.

അസമിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിയുടെ മകനാണ് ഗൗരവ് ഗൊഗോയ്. ബി.ജെ.പി നേതാവായ ഹിതേന്ദ്ര നാഥ് ഗോസ്വാമിയോട് 23,182 വോട്ടുകൾക്കാണ് ജോർഹട്ട് മണ്ഡലത്തിൽ ഗൗരവ് ഗൊഗോയ് തോറ്റത്. ലോക്‌സഭയിൽ ജോർഹട്ടിൽ നിന്ന് മൂന്ന് തവണ എം.പിയായ ഗൗരവ് ഗൊഗോയിയുടെ പരാജയം സംസ്ഥാന കോൺഗ്രസിന് വലിയ തിരിച്ചടിയായി.

മുൻ മുഖ്യമന്ത്രി ഹിതേശ്വർ സൈകിയയുടെ മകൻ ദേബബ്രത സൈകിയക്കും അവരുടെ പരമ്പരാഗത മണ്ഡലമായ നസീറ നിലനിർത്താൻ കഴിഞ്ഞില്ല. പിതാവും പിന്നീട് അമ്മ ഹേമോപ്രാവത സൈകിയയും പ്രതിനിധീകരിച്ച മണ്ഡലമാണ് നസീറ. 2011മുതൽ ദേബബ്രത ഇവിടെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തുപോന്നു. 2016 മുതൽ പ്രതിപക്ഷ നേതാവുമായിരുന്നു ദേബബ്രത. ബി.ജെ.പിയുടെ മയൂർ ബോർഗോഹെയ്ൻ 46,000 വോട്ടുകൾക്കാണ് നസീറയിൽ ​ദേബബ്രതയെ പരാജയപ്പെടുത്തിയത്.

മുൻ മുഖ്യമന്ത്രി ഭൂമിധർ ബർമന്റെ മകൻ ദിഗന്ത ബർമന്റെ പരാജയമാണ് മൂന്നാമത്തെ പ്രധാന തിരിച്ചടി. ബാർഖേത്രിയിൽ നിന്ന് മത്സരിച്ച ബർമൻ ബി.ജെ.പിയുടെ നാരായൺ ദേകയോട് 84,000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ മാത്രമല്ല, മറ്റ് രാഷ്ട്രീയ നേതാക്കളുടെ മക്കൾക്കും അസമിൽ പരാജയം രുചിച്ചു. മുൻ കേന്ദ്രമന്ത്രി പബർ സിങ് ഘതോവറിന്റെ മകൻ പ്രഞ്ജൽ ഘതോവർ ചബുവ-ലഹോവൽ സീറ്റിൽ പരാജയപ്പെട്ടിരുന്നു. ബി.ജെ.പിയുടെ ബിനോദ് ഹസാരികയോട് 89,000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ദേബബ്രത സൈകിയയുടെ തോൽവിയിൽ ‘ഒരാളുടെ നഷ്ടത്തിൽ സന്തോഷിക്കാൻ നല്ലതൊന്നുമില്ല’ എന്നതായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം. എന്നാൽ, വോട്ടർമാർ പരമ്പരാഗത രാഷ്ട്രീയത്തെ നിരാകരിക്കുന്നതാണ് ഫലം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാല കുടുംബ പാരമ്പര്യ രാഷ്ട്രീയം ജനങ്ങൾ നിരസിച്ചുവെന്നും സ്വന്തം വ്യക്തിത്വം സ്ഥാപിക്കാൻ ഇവർക്ക് നിരവധി അവസരങ്ങളുണ്ടായിരുന്നുവെങ്കിലും അവർക്ക് അതിന് കഴിഞ്ഞില്ലെന്നും ഹിമന്ത പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assam verdict rejects political legacy sons of three ex CMs lose
Next Story