അസം തേയിലയും കശ്മീരി കുങ്കുമപ്പൂക്കളും വെള്ളി ചായക്കോപ്പയും; മോദി നൽകിയ സമ്മാനങ്ങളിൽ മനം നിറഞ്ഞ് പുടിൻ
text_fieldsന്യൂഡൽഹി: 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ വ്‌ലദിമിർ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സമ്മാനങ്ങളിൽ മനം നിറഞ്ഞായിരുന്നു റഷ്യൻ പ്രസിഡന്‍റിന്‍റെ മടക്കയാത്ര. ദ്വിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റിന് ഇന്ത്യയുടെ പാരമ്പര്യവും പൈത്യകവും കരകൗശല നൈപുണ്യവും വിളിച്ചോതുന്ന സമ്മാനങ്ങളാണ് നൽകിയത്. ജി.ഐ ടാഗ് ചെയ്ത അസം തേയില, കാശ്മീരിലെ വിലയേറിയ കുങ്കുമപ്പൂവ്, ഇന്ത്യയുടെ പൈതൃകവും കരകൗശല നൈപുണ്യവും ഉയർത്തിക്കാട്ടുന്ന വെള്ളികൊണ്ടുള്ള ടീ സെറ്റ്, ഭഗവദ് ഗീതയുടെ റഷ്യൻ പതിപ്പ് എന്നിവയായിരുന്നു മോദിയുടെ സമ്മാനങ്ങൾ.
ബ്രഹ്മപുത്ര സമതലങ്ങളിൽ വളരുന്ന സംസ്ക്കരിച്ച അസം തേയില രുചിക്കും തിളക്കമുള്ള നിറത്തിനും പേരുകേട്ടതാണ്. 2007ലാണ് ഇതിന് ജി.ഐ ടാഗ് ലഭിച്ചത്. രുചി മാത്രമല്ല, സാംസ്കാരികമായും ആരോഗ്യപരമായും ഏറെ പ്രത്യേകതകളുള്ളതാണ് അസം തേയില.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് വെള്ളികൊണ്ടുള്ള ചായ സെറ്റിന്‍റെ പ്രത്യേകത സൂക്ഷ്മമായ കൈകൊത്തുപണികളാണ്. ഇന്ത്യയുടെ സമ്പന്നമായ കരകൗശല പാരമ്പര്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. കൂടാതെ ഇന്ത്യയും റഷ്യയും തമ്മിൽ പങ്കിടുന്ന ചായ സംസ്ക്കാരത്തിന്‍റെ പ്രതീകം കൂടിയണിത്.
ലോകത്തെ തന്നെ ഏറ്റവും വിലയേറിയ സുഗന്ധ വ്യഞ്ജനമാണ് കാശ്മീരി കുങ്കുമപ്പൂവ്. പ്രാദേശികമായി കോങ് അല്ലെങ്കിൽ സഫ്രാൻ എന്നണ് ഇതറിയപ്പെടുന്നത്. ജി.ഐ, ഒ.ഡി.ഒ.പി ടാഗുകൾ ലഭിച്ചിട്ടുള്ള കുങ്കുമപ്പൂവിന് അതിന്‍റെ നിറത്തിനും സുഗന്ധത്തിനും രുചിക്കും പേരുകേട്ടതാണ്. കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ വിളയുന്ന ഇതിനെ കർഷകർ കൈകൊണ്ടാണ് വിളവെടുക്കാറുള്ളത്. 'ചുവന്ന സ്വർണം' എന്നുകൂടി അറിയപ്പെടുന്ന കുങ്കുമപ്പൂ പ്രാദേശിക കർഷകരുടെ വലിയൊരു സാമ്പത്തിക സ്രോതസ് കൂടിയാണ്.
ശ്രീമദ് ഭഗവദ് ഗീതയുടെ റഷ്യൻ കോപ്പിയും പ്രധാനമന്ത്രി മോദി പ്രസിഡന്‍റ് പുടിന് സമ്മാനിച്ചു.
റഷ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര പങ്കാളിത്തം ശക്തപ്പെടുത്തുന്നതായിരുന്നു പുടിന്‍റെ ഇന്ത്യൻ സന്ദർശനം. പഞ്ചവത്സര പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പരസ്പര ധാരണയിലെത്തി. ഇന്ത്യ പിഴത്തീരുവയുടെയും റഷ്യ ഉപരോധത്തിന്റെയും ഭീഷണികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് എട്ട് പതിറ്റാണ്ട് പിന്നിട്ട ഉഭയകക്ഷി ബന്ധത്തിന് ആവേഗം കൂട്ടാൻ ഇരു നേതാക്കളും തീരുമാനിച്ചത്. 2030 വരെ നീളുന്ന സാമ്പത്തിക കർമപരിപാടിക്ക് അന്തിമരൂപം നൽകിയ ഇരു നേതാക്കളും ആരോഗ്യ, തൊഴിൽ മേഖലകളിൽ ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങൾക്ക് പരസ്പര സഞ്ചാരത്തിന് വഴിയൊരുക്കുന്ന നിരവധി ഉടമ്പടികളിലും ഒപ്പിട്ടു.
ആണവ മേഖലയിലെ സഹകരണം വർധിപ്പിക്കുകയും ഊർജ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നേടുന്നതിന് പരസ്പരം വഴിയൊരുക്കുന്ന കരാറിലൂടെ റഷ്യയിലെ നിർമാണ മേഖല അടക്കമുള്ള തൊഴിലിടങ്ങളിൽ ഇന്ത്യക്കാർക്ക് അവസരം ലഭിക്കും. അതോടൊപ്പം അനധികൃത കുടിയേറ്റത്തിന് തടയിടുകയും ചെയ്യും.
ആരോഗ്യപരിരക്ഷയിലും മെഡിക്കൽ വിദ്യാഭ്യാസത്തിലും വിവരങ്ങളുടെയും വിദഗ്ധരുടെയും കൈമാറ്റം നടക്കും.
ഇരുരാജ്യങ്ങളുടെയും ചരക്കുകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസുകൾ തമ്മിൽ പരസ്പര വിവര കൈമാറ്റം നടത്തും. ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കും. രാസവള, ഔഷധ വ്യവസായങ്ങളിൽ സംയുക്ത ഫാക്ടറികൾ സ്ഥാപിക്കും. പ്രസാർ ഭാരതിയും വിവിധ റഷ്യൻ മാധ്യമങ്ങളും തമ്മിൽ സഹകരണത്തിനുള്ള വിവിധ ധാരണപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തം ഉന്നതിയിലെത്തിക്കുമെന്ന് കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യൂറേഷ്യൻ ഇകണോമിക് യൂനിയനുമായി സ്വതന്ത്ര വ്യാപാര കരാറിനുള്ള പ്രക്രിയ ത്വരിതപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

