വെള്ളപ്പൊക്കത്തിൽ തുഴഞ്ഞ്, മണ്ണിടിച്ചിലിൽ ചികഞ്ഞ് അസം സംഘത്തിന്‍റെ ബൈക്ക് റൈഡിങ്; നാഗാലാൻഡിൽ നിന്നുള്ള വീഡിയോ വൈറൽ
text_fieldsഗുവാഹത്തി: വെള്ളപ്പൊക്കത്തിൽ തുഴഞ്ഞ്, മണ്ണിടിച്ചിലിൽ ചികഞ്ഞ് ബൈക്ക് നാഗാലാൻഡിലൂടെയുള്ള അസം സംഘത്തിന്‍റെ ബൈക്ക് റൈഡിങ് വീഡിയോ വൈറലാകുന്നു. അസമിൽ നിന്നുള്ള ഒരു കൂട്ടം റൈഡർമാരുടെ നാഗാലാൻഡിലൂടെയുള്ള പതിവ് ബൈക്ക് റൈഡിങ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അതിസാഹസിക യാത്രയായി മാറുകയായിരുന്നു. ശക്തമായ പ്രകൃതിക്ഷോഭത്തെ അതിജീവിച്ച് തങ്ങളുടെ റൈഡിങ് വീഡിയോ സംഘം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അത് വൈറലായി. കനത്ത മഴയിൽ സംഘത്തിന്‍റെ യാത്ര തുടർച്ചയായി തടസ്സപ്പെട്ടു. റോഡുകളുടെ ചില ഭാഗങ്ങൾ ചെളിയിൽ മൂടപ്പെട്ടത് യാത്ര ദുസ്സഹമാക്കി. മണ്ണിടിച്ചിലും വിണ്ടു കീറിയ റോഡുകളും വിലങ്ങുതടിയായി. റോഡുകൾ തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം മൂടിക്കിടക്കുകയായിരുന്നു. ഒരു പ്രദേശത്ത്, റോഡിന് കുറുകെ കുത്തൊഴുകി വെള്ളം വന്നതിനെത്തുടർന്ന് മുന്നോട്ട് പോകാൻ സുരക്ഷിതമല്ലാതായതോടെ റൈഡർമാർ മണിക്കൂറുകളോളം യാത്ര നിർത്തിവെക്കേണ്ടി വന്നു. യാത്രക്കിടയിൽ പകർത്തിയ വീഡിയോകളിൽ, സംഘം തങ്ങളുടെ മോട്ടോർസൈക്ലുകൾ വെള്ളത്തിലൂടെയും ചെളി നിറഞ്ഞ പ്രദേശങ്ങളിലൂടെയും പ്രയാസപ്പെട്ട് മുന്നോട്ട് നീക്കുന്നത് കാണാം. ചില സ്ഥലങ്ങളിൽ, വെള്ളമിറങ്ങാൻ ദീർഘനേരം കാത്തിരുന്നതായും സംഘം പറഞ്ഞു. പ്രതികൂലമായ സാഹചര്യങ്ങൾക്കിടയിലും, ബാധിത പ്രദേശങ്ങളിലൂടെ ധൃതിയിൽ കടന്നുപോകുന്നതിന് പകരം ജാഗ്രതയോടെ നീങ്ങാനാണ് റൈഡർമാർ തീരുമാനിച്ചത്.
അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രൂക്ഷമായ വെള്ളപ്പൊക്ക സ്ഥിതിയും വ്യാപകമായ മണ്ണിടിച്ചിൽ നാശനഷ്ടങ്ങളും രക്ഷാപ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഡൽഹിയിൽ അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന പാർലമെന്ററി പ്രതിനിധികളുമായി ഉന്നതതല യോഗം ചേർന്നു.
തുടർച്ചയായ വർഷകാല മഴയും കരകവിഞ്ഞൊഴുകുന്ന നദികളും മണ്ണിടിച്ചിലും അരുണാചൽ പ്രദേശിൽ ഏകദേശം 1.5 ലക്ഷം ആളുകളെ ബാധിക്കുകയും നിരവധി മരണങ്ങൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. നാഗാലാൻഡിലും മരണങ്ങളും വലിയ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യം, നാഗാലാൻഡിലെ മോൺ ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കുറഞ്ഞത് എട്ട് പേർ മരിക്കുകയും പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ മരിച്ച രണ്ട് പേരിൽ ഒരാൾ ശിവസാഗർ ജില്ലയിലെ നസിറ റവന്യൂ സർക്കിളിൽ നിന്നുള്ളയാളാണെന്നും മറ്റൊരാൾ ചരൈഡിയോയിലെ സോനാരിയിൽ നിന്നുള്ളയാളാണെന്നും അസം ദുരന്ത നിവാരണ അതോറിറ്റി (എ.എസ്.ഡി.എം.എ) ബുള്ളറ്റിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

