മുതിർന്ന മാധ്യമപ്രവർത്തകരായ കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് അസം പൊലീസിന്റെ സമൻസ്
text_fieldsഅസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സിദ്ധാർത്ഥ് വരദരാജൻ, കരൺ ഥാപ്പർ
ഗുവാഹതി: മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് സമൻസ് അയച്ച് അസം പൊലീസ്. ആഗസ്റ്റ് 22ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ചോദ്യം ചെയ്യാനുണ്ടെന്നാണ് സമൻസിലുള്ളത്. വരദരാജന് ആഗസ്റ്റ് 14നും കരൺഥാപ്പറിന് 18നുമാണ് സമൻസ് ലഭിച്ചത്.
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സൗമർജ്യോതി റേയുടെ മുന്നറിയിപ്പുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197(1)(D)/3(6), 353, 45, 61 വകുപ്പുകൾ അനുസരിച്ചാണ് കേസ്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുന്ന പ്രവൃത്തികൾക്കെതിരെയാണ് സെക്ഷൻ 152 ചുമത്തുക.
അസമിലെ മോറിഗാവ് പൊലീസ് സ്റ്റേഷനിൽ നേരത്തേ ഫയൽ ചെയ്യപ്പെട്ട രാജ്യദ്രോഹ കേസിൽ ജൂലൈ 11ന് സുപ്രീംകോടതി ‘ദ വയർ’ മാധ്യമപ്രവർത്തകർക്ക് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയിരുന്നതാണ്. അതേസമയം, തങ്ങൾക്കു ലഭിച്ച എഫ്.ഐ.ആറിന്റെ പകർപ്പിൽ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നുമില്ലെന്നാണ് സിദ്ധാർഥ് വരദരാജൻ സ്ഥാപക എഡിറ്ററായ ‘ദ വയർ’ പറയുന്നത്. ഈ മാസം 14നാണ് ‘വയറി’ന്റെ ഓഫിസിൽ ആദ്യ സമൻസ് ലഭിച്ചത്. 18ന് കരൺ ഥാപ്പറിന്റെ പേരിൽ അതേ എഫ്.ഐ.ആറിൽ സമൻസ് കൂടി ലഭിച്ചു.
രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പാകിസ്താനിൽവെച്ച് നഷ്ടമായി: ഇന്ത്യൻ പ്രതിരോധ അറ്റാഷെ’ എന്ന തലക്കെട്ടിൽ ‘ദ വയറി’ൽ ജൂൺ 28ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയിൽ ജൂലൈ 11ന് വരദരാജനെതിരെ മൊറിഗോവ് സ്റ്റേഷനിൽ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിൽ പുതിയ രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് ‘ദ വയർ’ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.മോറിഗാവ് കേസിലും എഫ്.ഐ.ആർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ‘ദ വയറി’ന്റെ അഭിഭാഷകയായ നിത്യ രാമകൃഷ്ണൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മറ്റ് ഉറവിടങ്ങൾ വഴിയാണ് എഫ്.ഐ.ആറിന്റെ തീയതി, ക്രിമിനൽ വകുപ്പുകൾ എന്നിവ അറിയാൻ കഴിഞ്ഞത്.
ഈ അടിസ്ഥാനത്തിലാണ് ബി.എൻ.എസിന്റെ സെക്ഷൻ 152ന്റെ നിയമലംഘനങ്ങൾ ചോദ്യം ചെയ്ത് ‘വയർ’ കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് അസം പൊലീസിന് നോട്ടീസ് അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

