അരുണാചലിൽ മിന്നൽ പ്രളയം, മൂന്നുപേരെ കാണാതായി; അസമിൽ ജാഗ്രത നിർദേശം
text_fieldsഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ലോവർ സുബാൻസിരി ജില്ലയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മൂന്നുപേരെ കാണാതായി. നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് അയൽസംസ്ഥാനമായ അസമിലെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ പല ഭാഗങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അരുണാചലിലെ യാസാലിയിൽ 72.8 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റവും ശക്തമായ മഴ ഉണ്ടായത്. കനത്ത മഴയിൽ നദികളിലെ ജലപ്രവാഹം പെട്ടെന്നു അപകടകരമാംവിധം ഉയർന്നതിനെത്തുടർന്ന് പന്യാർ ലോവർ ഹൈഡ്രോഇലക്ട്രിക് പ്രോജക്ടിലെ സ്പിൽവേ ഗേറ്റ് അധികൃതർ തുറന്നുവിട്ടു.
ഇതോടെ, യാസാലി സർക്കിളിന് കീഴിലുള്ള പൂസക്ക് സമീപമുള്ള നീപ്കോ പ്രോജക്ട് കോളനിയിൽ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത് പ്രളയത്തിന് കാരണമായി. വൻതോതിൽ വെള്ളം കുത്തിയൊലിച്ചെത്തിയതോടെ കോളനിയിലും പരിസരത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. 18 വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ധേമാജി, ലഖിംപുർ, ബിശ്വനാഥ്, സോനിത്പുർ ജില്ലകളിൽ ജലപ്രവാഹം നാശം വിതക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ സേനയെയും ദേശീയ ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, നദികളിൽ ഇറങ്ങുകയോ ചെറിയ ബോട്ടുകളിൽ യാത്ര ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി.
ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരെ എത്രയും വേഗം ലക്ഷ്യത്തിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് സംസ്ഥാന ദുരന്തനിവാരണ സെക്രട്ടറി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

