അസം അന്തിമ പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചു; രാജ്യമില്ലാത്തവർ 19,06,657
text_fieldsഗുവാഹതി: ആശങ്ക നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ അസമിലെ അന്തിമ പൗരത്വപ്പട്ടിക (എൻ.ആ ർ.സി) ശനിയാഴ്ച പുറത്തുവന്നപ്പോള്‍ 19 ലക്ഷത്തിലേറെപ്പേർ രാജ്യമില്ലാത്തവർ. 3.3 കോടി അ പേക്ഷകരിൽ 3.11 കോടിപ്പേർ പട്ടികയിൽ ഉൾപ്പെട്ടപ്പോഴാണ് 19,06,657 പേർക്ക് ഇന്ത്യൻ പൗരത്വം നിഷേധിക്കപ്പെട്ടത്. അസമിെല മൊത്തം ജനസംഖ്യയുടെ ആറുശതമാനം വരും പുറത്താക്കപ്പെട്ടവർ. ബംഗ്ലാ ദേശിലെ റോഹിങ്ക്യൻ അഭയാർഥികളുടെ രണ്ടിരട്ടിയും. 2018ൽ കരട് പട്ടിക പുറത്തിറങ്ങിയശേഷം പൗരത്വം പുനഃസ്ഥാപിച്ച് കിട്ടാൻ അപേക്ഷ നൽകാത്തവരും പുറത്തായവരുടെ കൂട്ടത്തിലുണ്ട്. 3,11,21,004 പേരെയാണ് പട്ടികയിൽ യഥാർഥ ഇന്ത്യൻ പൗരന്മാരായി കണക്കാക്കിയത്. എന്‍.ആര്.സിക്ക് മുമ്പാകെ ഇനി ആവലാതി ബോധിപ്പിക്കാന്‍ അവസരമില്ലാത്ത 19 ലക്ഷത്തിലേറെ പേർക്ക് പൗരത്വത്തിനായി സംസ്ഥാനത്തെ വിദേശി ട്രൈബ്യൂണല്‍ മുതല്‍ സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധം നടത്തേണ്ടി വരും. അപ്പീൽ നൽകാൻ 120 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് എല്ലാവിധ നിയമസഹായവും ഉറപ്പാക്കുമെന്നു സംസ്ഥാന മുഖ്യമന്ത്രി സർബാനന്ദ സോനോവാളും അറിയിച്ചു.
അതേസമയം, പ്രമുഖരും പട്ടികയിൽ നിന്ന് പുറത്തായി. അസം നിയമസഭാംഗങ്ങളായിരുന്ന അനന്ത് കുമാര്‍ മാലോ, അതാഉര്‍ റഹ്മാന് മജ്ഹര്ഭുയാന്, കൂടാതെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്കുവേണ്ടി പോരാടിയ മുഹമ്മദ് സനാഉല്ല, അതിര്‍ത്തി രക്ഷാസേനയിലെ ഓഫിസര്‍ മുജീബുര്‍റഹ്മാന്‍ തുടങ്ങിയവരാണ് പുറത്തായവരിൽ പ്രധാനികൾ. വിദേശി ട്രൈബ്യൂണലുകള്‍ക്ക് മുന്നില്‍ പൗരത്വ കേസുകള്‍ നടത്തുന്നവരെ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി വിലക്കിയിരുന്നതിനാല്‍ ആയിരങ്ങള്‍ ആ നിലക്കുതന്നെ പുറത്തായി. 68,37,660 കുടുംബങ്ങളില്‍ നിന്നായി 3,30,27,661 പേരാണ് പൗരത്വത്തിന് അപേക്ഷിച്ചതെന്ന് സംസ്ഥാന എന്‍.ആര്.സി കോഓഡിനേറ്റര്‍ പ്രതീക് ഹജേല വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം 2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 2,89,83,677 പേരെ ഉള്‍പ്പെടുത്തി. 40 ലക്ഷത്തിലേറെ പേര് അന്ന് പുറത്തായി. ഇതിൽ 36,26,630 പേര് പൗരത്വം പുനഃസ്ഥാപിച്ചുകിട്ടാൻ വീണ്ടും എന്‍.ആര്.സിയെ സമീപിച്ചു. ഇതിൽ 21 ലക്ഷത്തിലേറെ പേരെ ശനിയാഴ്ചത്തെ അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
രേഖകൾ തൃപ്തികരമല്ലാത്തതാണ് 19 ലക്ഷേത്താളം പേരുടെ പുറത്താകലിന് കാരണമായതെന്നും ‘വിദേശ ട്രൈബ്യൂണലുകള്‍’ എന്നറിയപ്പെടുന്ന കോടതികളിൽ അപ്പീല്‍ സമര്‍പ്പിക്കുകയാണ് പുറത്തായവര്‍ ഇനി ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. പുതുക്കിയ പട്ടിക ശനിയാഴ്ച രാവിലെ 10 മണി മുതല്‍ എന്‍.ആര്.സി സേവാകേന്ദ്രങ്ങളില്‍ ഓൺലൈനിൽ ലഭ്യമാക്കിയിരുന്നു. അസംകാരനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിെൻറ മേല്‍നോട്ടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദേശീയ പൗരത്വപ്പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്. 1971 മാർച്ച് 24ന് മുമ്പ് അസമിൽ താമസിച്ചിരുന്നവരെയും ഇൗ കാലയളവിനു മുമ്പ് അസമിൽ പൂർവികർ ഉണ്ടായിരുന്നവരെയുമാണ് ഇന്ത്യൻ പൗരന്മാരായി കണക്കാക്കിയത്. 1971 മാർച്ചിനുശേഷം ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ പുറത്താക്കുകയായിരുന്നു പട്ടികയുടെ ലക്ഷ്യം. അതേസമയം, പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണു പൗരത്വപ്പട്ടിക പ്രസിദ്ധീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമായിരുന്നു.
അപ്പീൽ നൽകും – ‘ആസു’
ഗുവാഹതി: പൗരത്വപ്പട്ടികക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ (ആസു). നീണ്ടകാലത്തെ പ്രക്ഷോഭത്തെതുടർന്ന് അസമിലെ വിദേശികളെ കണ്ടെത്തി പുറത്താക്കാനുള്ള കരാറിൽ 1985ൽ ഒപ്പുവെച്ച സംഘടനകളിൽ ഒന്നാണ് ആസു. ‘പുതുക്കിയ പട്ടികയിൽ തങ്ങൾ സന്തുഷ്ടരല്ല, അത് അപൂർണമാണ് -ആസു ജനറൽ സെക്രട്ടറി ലുറിഞ്ജ്യോതി ഗൊഗോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
