എസ്.ഐ.ആർ: അസമിൽ 2.43 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റി; അന്തിമ പട്ടിക പുറത്ത്
text_fieldsഗുവാഹതി: അസമിൽ എസ്.ഐ.ആർ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട അന്തിമ വോട്ടർ പട്ടികയിൽ കരട് പട്ടികയിലുണ്ടായിരുന്ന 2.43 ലക്ഷം വോട്ടർമാർ പുറത്ത്. കഴിഞ്ഞ വർഷം ഡിസംബർ 27ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 2.52 കോടി വോട്ടർമാരുണ്ടായിരുന്നത് പുതിയ പട്ടികയിൽ 2.49 കോടി ആയി. 0.97 ശതമാനം കുറവ്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫോം പൂരിപ്പിച്ചും രേഖ സമർപ്പിച്ചും നടന്ന എസ്.ഐ.ആറിൽനിന്ന് വ്യത്യസ്തമായി ഓരോ വീടും കയറിയിറങ്ങിയാണ് അസമിൽ തീവ്ര പുനഃപരിശോധന നടന്നിരുന്നത്.
2025ൽ അവസാനം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയേക്കാൾ 1.35 ശതമാനം വർധനയോടെയായിരുന്നു ഡിസംബറിൽ കരട് പട്ടിക പുറത്തുവന്നത്. പ്രത്യേക തീവ്ര പുനഃപരിശോധനയിൽ 5,23,680 വോട്ടർമാർ സ്ഥലം മാറിപ്പോയതായും 4,78,992 പേർ കുറഞ്ഞതായും 53,619 പേർ ഒന്നിലേറെ ഇടങ്ങളിൽ വോട്ടുള്ളവരായും കണ്ടെത്തിയെന്ന് കമീഷൻ പറയുന്നു. പേരില്ലാത്തത് സംബന്ധിച്ച പരാതികൾ 15 ദിവസത്തിനകം ജില്ല മജിസ്ട്രേറ്റിന് നൽകണം. തുടർന്ന്, 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് അപ്പീലും നൽകാം.
മാസങ്ങൾക്കുള്ളിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനുശേഷം കൂടുതൽ കണിശമായ തീവ്ര പരിശോധന വീണ്ടും നടക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറയുന്നു. ഇന്നലെ പുറത്തിറങ്ങിയ അന്തിമ പട്ടികയിൽ 1.25 കോടി പുരുഷന്മാരും 1.24 കോടി വനിതകളുമാണ്. 343 ഭിന്നശേഷിക്കാരുമുണ്ട്. അസമിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ഈ പട്ടിക പാലിച്ചായിരിക്കും. സ്ഥിരമായി താമസം മാറിയതിന് അന്തിമ പട്ടികയിൽ പുറത്തായവർക്ക് പ്രാതിനിധ്യ നിയമപ്രകാരം അപേക്ഷ നൽകാമെന്നാണ് അറിയിപ്പ്. കുടിയിറക്കൽ നടപടികളുടെ പേരിലുൾപ്പെടെ കാരണങ്ങളാൽ താൽക്കാലികമായി സ്ഥലം മാറേണ്ടിവന്നവർക്കും അപേക്ഷിക്കാം.
അസമിൽ എസ്.ഐ.ആർ വോട്ടർമാരെ വെട്ടിമാറ്റുന്ന ‘വോട്ട് ചോരി’യാണെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രധാനമായി, ന്യൂനപക്ഷ വിഭാഗങ്ങളാണ് ഇതിൽ ഇരയാക്കപ്പെട്ടതെന്നും എതിർപ്പുയർന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളായ ‘മിയ’കൾക്ക് മാത്രമാണ് നോട്ടീസ് നൽകുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

