അസം-മേഘാലയ സംഘർഷം: വടക്കുകിഴക്കൻ ടൂറിസത്തിന് വൻ തിരിച്ചടി
text_fieldsഷില്ലോങ്: അസം-മേഘാലയ സംഘർഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിന് കനത്ത തിരിച്ചടിയായി. ഷില്ലോങ്, സൊഹ്‌റ (ചെറാപ്പുഞ്ചി) എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള ടൂറിസ്റ്റ് ബുക്കിങ് 90 ശതമാനവും റദ്ദാക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. ആഗസ്റ്റ് 19-ന് ഷില്ലോങ്ങിൽ ഖാസി സ്റ്റുഡന്റ്സ് യൂണിയന്റെ (കെ.എസ്.യു) റാലിക്കിടെയുണ്ടായ അക്രമങ്ങളും അതിനെത്തുടർന്ന് അന്തർസംസ്ഥാന സഞ്ചാരവുമായി ബന്ധപ്പെട്ട് ആസാമും മേഘാലയയും തമ്മിലുണ്ടായ സംഘർഷങ്ങളുമാണ് സഞ്ചാരികളെ പിന്നോട്ടടിപ്പിക്കുന്നത്.
ഷില്ലോങ്ങിലും സൊഹ്‌റയിലും ആഗസ്റ്റ് സാധാരണയായി ടൂറിസത്തിന് തിരക്കില്ലാത്ത കാലയളവാണ്. അതിനിടയിലാണ് സ്ഥിരീകരിച്ച ബുക്കിങുകൾ പോലും പുതിയ സംഭവവികാസങ്ങളുടെ പേരിൽ റദ്ദാക്കപ്പെടുന്നത്. സംഘർഷം കാരണം മേഘാലയ സുരക്ഷിതമല്ല എന്ന തോന്നൽ സഞ്ചാരികളിൽ ഉണ്ടാക്കിയതായി ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് മേഘാലയയുടെ പ്രസിഡന്റ് ഇ.ബി. ബ്ല പറഞ്ഞു. ഷില്ലോങ്ങിലേക്കും സൊഹ്‌റയിലേക്കും യാത്രകൾ ആസൂത്രണം ചെയ്തിരുന്നവരിൽ നിന്ന് സ്ഥിതിഗതികളെക്കുറിച്ചും യാത്ര ചെയ്യാൻ സുരക്ഷിതമാണോ എന്നുമന്വേഷിച്ചുള്ള ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്നും ടൂറിസം ഓപ്പറേറ്റർമാർ പറഞ്ഞു.
അസമിനും മേഘാലയയ്ക്കും ഇടയിലുള്ള കണക്റ്റിവിറ്റിയാണ് ടൂറിസം വ്യവസായത്തിന്റെ മറ്റൊരു ആശങ്ക. സംസ്ഥാനത്തിന് പുറത്തുനിന്ന് മേഘാലയയിലേക്ക് യാത്ര ചെയ്യുന്ന വലിയൊരു വിഭാഗം സന്ദർശകരും ഗുവാഹത്തിയും ജോരാബാദും വഴിയാണ് കടന്നുപോകുന്നത്. റോഡ് തടസ്സപ്പെടുകയും വാഹനങ്ങൾക്ക് മേഘാലയയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരികയും ചെയ്താൽ, ടൂറിസ്റ്റുകൾ എങ്ങനെ വരുമെന്ന് ഓപ്പറേറ്റർമാർ ചോദിക്കുന്നു.
ആഗസ്റ്റ് 19-ന് ഷില്ലോങ്ങിലുണ്ടായ അക്രമത്തിനിടയിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നാലെ ആസാമും മേഘാലയയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. തുടർന്ന് അസം-മേഘാലയ റൂട്ടിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതത്തെ ബാധിക്കുന്ന പ്രതിഷേധങ്ങളും റോഡ് ഉപരോധങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് ടൂറിസത്തിനും യാത്രയ്ക്കും ഈ ഇടനാഴിയെ ആശ്രയിക്കുന്നവരിൽ ആശങ്ക ഉയർത്തി. വടക്കുകിഴക്കൻ പ്രദേശം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ പലപ്പോഴും ഒന്നിലധികം സംസ്ഥാനങ്ങളിലൂടെയാണ് യാത്ര പ്ലാൻ ചെയ്യാറുള്ളത്. അതിനാൽ മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസത്തെ കൂടി ഇത് ബാധിക്കും.
"വടക്കുകിഴക്കൻ ടൂറിസം സർക്യൂട്ട് പരസ്പരബന്ധിതമാണ്. അതിനാൽ ഒരു സ്ഥലത്തുണ്ടാകുന്ന ഏത് തടസ്സവും ഈ മേഖലയിലുടനീളമുള്ള വിനോദസഞ്ചാരികളുടെ സഞ്ചാരത്തെ ബാധിച്ചേക്കാം," ബ്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

