ദിസ്പൂർ: സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയതിന് സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്. അസമിലെ ഗോൽപാറ ജില്ലയിലെ ലാഖിപൂരിലെ സ്കൂളിലാണ് സംഭവം. സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് പോത്തിറച്ചി കൊണ്ടുവന്നുവെന്ന് സ്‌കൂൾ ജീവനക്കാർ ലാഖിപൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. തുടർന്ന് പൊലീസ് ചോദ്യം ചെയ്യുന്നതിനായി 56കാരിയായ അധ്യാപികയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അധ്യാപിക സ്കൂളിലേക്ക് പോത്തിറച്ചി കൊണ്ടുവന്നെന്നും ഉച്ചഭക്ഷണത്തിന് വിളമ്പിക്കൊടുക്കാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നെന്നും സ്കൂൾ ജീവനക്കാരി പറഞ്ഞു. സ്കൂളിൽ രണ്ട് ഹിന്ദു അധ്യാപികമാർ ഉണ്ടെന്നറിയാമായിരുന്നിട്ടും അവർ ബീഫ് കൊണ്ടുവരികയായിരുന്നെന്നും ജീവനക്കാരി കൂട്ടിച്ചേർത്തു.
അസമിൽ ഗോമാംസം നിരോധിച്ചിട്ടില്ലെങ്കിലും 2021ൽ പാസാക്കിയ കന്നുകാലി സംരക്ഷണ നിയമം അനുസരിച്ച് മൃഗങ്ങളുടെ കടത്തിക്കൊണ്ടു പോക്ക് നിയന്ത്രിച്ചിരുന്നു. ഗോമാംസം കഴിക്കാത്ത സമൂഹങ്ങൾ ആധിപത്യം പുലർത്തുന്ന ചില പ്രദേശങ്ങളിൽ മാംസം വിൽക്കുന്നതും നിയമം തടയുന്നു.
മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവക്കിടയിൽ ശത്രുത വളർത്തുന്നതിനും, മനഃപൂർവവും ദുരുദ്ദേശ്യപരമായ പ്രവൃത്തികൾ ചെയ്തതിനുമാണ് ഐ.പി.സി വകുപ്പുകൾ ചുമത്തി പ്രധാന അധ്യാപികക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഗോൽപാറ അഡീഷണൽ പൊലീസ് സൂപ്രണ്ട് മൃണാൾ ദേക പറഞ്ഞു. അധ്യാപികയെ ഗോൽപാറ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാന്‍റ് ചെയ്തു.