പവൻ ഖേരക്ക് തെലങ്കാന ഹൈകോടതി നൽകിയ ജാമ്യം ചോദ്യം ചെയ്ത് അസം സർക്കാർ സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരക്ക് ഒരാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിച്ച തെലങ്കാന ഹൈകോടതി ഉത്തരവിനെതിരെ അസം സർക്കാർ സുപ്രീം കോടതിയിൽ.
മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമക്ക് ഒന്നിലധികം പാസ്‌പോർട്ടുകളും വിദേശ സ്വത്തുക്കളും ഉണ്ടെന്നും മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും ഖേര ആരോപിച്ചിരുന്നു.
തുടർന്ന് റിനികി ഭൂയാൻ ശർമയുടെ പരാതിയിൽ ഗുവാഹത്തി ക്രൈംബ്രാഞ്ച് ഖേരക്കെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം വ്യാജരേഖ ചമക്കൽ, അപകീർത്തിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
തന്റെ ഹൈദരാബാദ് വിലാസം ചൂണ്ടിക്കാട്ടിയും അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയും അസമിലെ കോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഖേര തെലങ്കാന ഹൈകോടതിയെ സമീപിച്ചു. ജസ്റ്റിസ് കെ. സുജന അദ്ദേഹത്തിന് ഒരാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. നിശ്ചിത സമയത്തിനുള്ളിൽ അസമിലെ ബന്ധപ്പെട്ട കോടതിയെ സമീപിച്ച് സ്ഥിരം ജാമ്യം തേടണമെന്നും അതുവരെ കർശനമായ നടപടികൾ സ്വീകരിക്കരുതെന്നും അസം പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു.
തെലങ്കാന ഹൈകോടതിയുടെ ഈ ഉത്തരവിനെതിരെയാണ് അസം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈദരാബാദിലെ വിലാസം കാണിച്ച് തെലങ്കാന ഹൈകോടതിയിൽ നിന്ന് ജാമ്യം നേടിയ ഖേരയുടെ നടപടി നിയമവിരുദ്ധമാണെന്നാണ് അസം സർക്കാരിന്റെ വാദം. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അസമിലായതിനാൽ തെലങ്കാന ഹൈകോടതിക്ക് ഈ വിഷയത്തിൽ ഇടപെടാൻ അധികാരമില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

