വെള്ളപ്പൊക്ക ദുരിതത്തിൽ അസം; 24 മണിക്കൂറിൽ ഏഴ് മരണം കൂടി, മൂന്ന് ലക്ഷത്തിലധികം പേരെ ബാധിച്ചു
text_fieldsഅസം: 24 മണിക്കൂറിനുള്ളിൽ അസമിലെ വെള്ളപ്പൊക്കത്തിൽ ഏഴ് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 75 ആയി. അതേസമയം ഏഴ് ജില്ലകളിലും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി അധികൃതർ അറിയിച്ചു.
ശിവസാഗർ ജില്ലയിലെ നസീറ സർക്കിളിൽ നിന്നാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി(എ.എസ്.ഡി.എം.എ) അറിയിച്ചു.
ശിവസാഗർ, ചരൈഡിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, സോണിത്പൂർ, കാംരൂപ് മെട്രോപൊളിറ്റിൻ എന്നീ ഏഴ് ജില്ലകൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ ദുരിതത്തിലാണ്. 21 റവന്യൂ സർക്കിളുകളെയും 622 ഗ്രാമങ്ങളെയും ദുരിതം ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിതരുടെ എണ്ണം 3,32,639 ആണ്. ഇതിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ചരൈഡിയോയിലാണ്. 1,42,756 പേരാണ് ഇവിടെ ദുരിതത്തിലായത്. ശിവസാഗറിൽ 97,074 പേരും ജോർഹട്ടിൽ 57,371 പേരും ദുരിത ബാധിതരാണ്.
തിങ്കളാഴ്ച മാത്രം ആറ് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചതിൽ 4.45 ലക്ഷം ആളുകളാണ് ദുരിതത്തിൽപ്പെട്ടത്. 32,477 പേരാണ് 81 ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. 34 ദുരിതാശ്വാസ വിതരണകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
അസമിൽ കരസേന, വ്യോമസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ്, സിവിൽ വളണ്ടിയർമാർ തുടങ്ങി നിരവധി ഏജൻസികൾ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. ഗോലാഘട്ട് ജില്ലയിലെ നുമലിഗഢിലെ ധൻസിരി നദി കരകവിഞ്ഞൊഴുകുന്നുണ്ടെന്നും 45,341.98 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായതായും എ.എസ്.ഡി.എം.എ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

