അസമിൽ വീണ്ടും ക്രൂരത! 640 മുസ്‌ലിം വീടുകൾ പൊളിച്ചു; 4,000ത്തിലധികം പേർ പെരുവഴിയിൽ
text_fieldsഗുവാഹത്തി: അസമിലെ ധുബ്രിയിൽ 640 ബംഗാളി മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു. ഞായറാഴ്ച നടന്ന ഒഴിപ്പിക്കൽ നടപടിയെ തുടർന്ന് 4,000ത്തിലധികം പേർ ഭവനരഹിതരായി. ആലംഗഞ്ച് ഗ്രാമത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെട്ട ഭൂമിയിലാണ് നടപടി നടന്നത്.
നേരത്തെ ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നതായി ധുബ്രി ജില്ലാ കമ്മീഷണർ ദിബാകർ നാഥ് മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ കേസുകൾ നിലനിൽക്കുന്നതിനാൽ ചില ഭാഗങ്ങളിലെ ഭൂമി ഒഴിപ്പിക്കൽ നടപടി തൽക്കാലം നടപ്പാക്കിയിട്ടില്ല. കുടിയൊഴിപ്പിച്ച സ്ഥലം വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പിന് ഭൂമി കൈമാറാനാണ് തീരുമാനമെന്ന് ജില്ലാ കമ്മീഷണർ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി വ്യവസായ പാർക്കിനായി വകുപ്പ് ഭൂമി അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഘട്ടങ്ങളിലായാണ് ആളുകൾ സർക്കാർ ഭൂമിയിൽ താമസം ആരംഭിച്ചതെന്നാണ് അധികൃതരുടെ വാദം. ചിലർ അഞ്ച് വർഷം മുമ്പും മറ്റുചിലർ പത്ത് വർഷം മുമ്പുമാണ് ഇവിടെ എത്തിയതെന്നും ഇവരിൽ ഭൂരിഭാഗത്തിനും മറ്റിടങ്ങളിൽ ഭൂമിയുണ്ടെന്നും ജില്ലാ കമ്മീഷണർ അവകാശപ്പെട്ടു. എന്നാൽ ഈ വാദം പ്രദേശവാസികൾ തള്ളിക്കളഞ്ഞു.
1962 മുതൽ താമസിക്കുന്നവരുടെ വീടുകളും തകർത്തുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കവും തീരശോഷണവും കാരണം സമീപത്തെ ഗോൽപാറ ജില്ലയിൽനിന്ന് കുടിയേറിയതാണ് ഇവിടെ താമസിക്കുന്നവരിൽ മിക്കവരും.
ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ ബന്ധുവീടുകളിലും റോഡരികിൽ ടാർപോളിൻ ഉപയോഗിച്ച് നിർമിച്ച താൽക്കാലിക ഷെഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമാണ് കഴിയുന്നതെന്നും അവർക്ക് താമസിക്കാൻ മറ്റൊരു ഭൂമിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിലുള്ള അസം സർക്കാരിന്റെ കീഴിൽ വീടുകളും താമസസ്ഥലങ്ങളും പൊളിച്ചുനീക്കുന്ന നടപടികൾ ശക്തമാകുന്നതിനിടെയാണ് പുതിയ ഒഴിപ്പിക്കൽ. രണ്ടാഴ്ച മുമ്പ് നാഗാവ്, ഹോജായ്, ഗോൽപാറ ജില്ലകളിലായി രണ്ട് ദിവസം നീണ്ട നടപടിയിൽ 1,100ലധികം മുസ്‌ലിം കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തെ ബി.ജെ.പി ഭരണകാലത്ത് അസമിൽ സർക്കാർ ഭൂമിയിൽനിന്ന് ഏകദേശം 19,000 കുടുംബങ്ങളെ ഒഴിപ്പിച്ചതായാണ് കണക്ക്. ഇവരിൽ ഭൂരിഭാഗവും മുസ്‌ലിം കുടുംബങ്ങളാണെന്ന് സംസ്ഥാന റവന്യൂ-ദുരന്തനിവാരണ വകുപ്പിന്റെയും ജില്ലാ അധികൃതരുടെയും വിവരങ്ങൾ അടിസ്ഥാനമാക്കി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

