അസമിൽ കോൺഗ്രസ് വാഹനവ്യൂഹത്തിന് നേരെ കല്ലേറ്; ബിജെപി പ്രവർത്തകരെന്ന് ഗൗരവ് ഗൊഗോയ്
text_fieldsഗുവാഹത്തി: അസമിൽ കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ കല്ലും കുപ്പികളും എറിഞ്ഞതായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയ്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസിനെ നേരത്തെ വിവരമറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഗൊഗോയ് ആരോപിച്ചു. മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ, ഗൗരവ് ഗൊഗോയ്, കോൺഗ്രസ് സ്ഥാനാർഥി സിബാമോണി ബോറ തുടങ്ങിയവർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും വാഹനങ്ങളുടെ ചില്ലുകൾ തകർന്നതായും റിപ്പോർട്ടുണ്ട്.
അസമിലെ നഗാവ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അക്രമമുണ്ടായത്. തിങ്കളാഴ്ച സമാഗുരി മണ്ഡലത്തിലെ ബർമ മേഖലയിൽവെച്ചാണ് സംഭവം.
ഒക്ടോബർ ആറിന് നടക്കുന്ന നഗാവ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ ലോറിമുഖ് മേഖലയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വാഹനവ്യൂഹം ബർമയിലൂടെ കടന്നുപോകുമ്പോൾ ബി.ജെ.പി അനുകൂലികൾ കരിങ്കൊടി വീശുകയും 'ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് വാഹനങ്ങൾക്ക് നേരെ കല്ലും കുപ്പിയും എടുത്തെറിയുകയായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തിൽ തന്റെ വാഹനത്തിന്റെ ചില്ലുകൾ തകർന്നതായും ഗൗരവ് ഗൊഗോയ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ കൂട്ടിച്ചേർത്തു. വാഹനത്തിലുണ്ടായിരുന്ന എ.ഐ.സി.സി സെക്രട്ടറി മനോജ് ചൗഹാന് കല്ലേറിൽ പരിക്കേറ്റതായും ഗൊഗോയ് പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇടപെട്ടില്ലെന്നും ഗൊഗോയ് ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് പൊലീസ് ഇടപെടാതിരുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാൽ ഈ ആരോപണത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
അതേസമയം, കല്ലേറിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നുവെന്നും ഇത് നിയന്ത്രണവിധേയമാക്കാൻ ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

