ബഹുഭാര്യത്വം ഒഴിവാക്കണം; രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുത് -അസമിലെ ബംഗ്ലാദേശ് മുസ്‍ലിം കുടിയേറ്റക്കാരോട് ഹിമന്ത ബിശ്വ ശർമ
text_fieldsഗുവാഹതി: മിയ എന്ന് വിളിക്കുന്ന ബംഗ്ലാദേശ് വംശജരായ ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകളെ അസമീസ് സ്വദേശികളായി അംഗീകരിക്കാൻ ചില നിബന്ധനകൾ മുന്നോട്ട് വെച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബഹുഭാരത്വം ഉപേക്ഷിക്കുകയും രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കാതിരിക്കുകയും ചെയ്താൽ അവരെ തദ്ദേശീയരായി അംഗീകരിക്കാമെന്നാണ് ഹിമന്ത പറഞ്ഞത്.
രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുകയും ബഹുഭാര്യത്വം ആചരിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുകയും ചെയ്യുന്നത് അസമീസ് ജനതയുടെ സംസ്‌കാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ നിങ്ങളുടെ കുട്ടികളെ മദ്റസകളിലേക്ക് അയക്കുന്നതിന് പകരം അവരെ ഡോക്ടറും എൻജിനീയറുമാകാൻ പഠിപ്പിക്കണം. പെൺമക്കളെ സ്കൂളിലയച്ച് അവരുടെ പിതാവിന്റെ സ്വത്തിൽ അവകാശം നൽകണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.
അസം ജനതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ മുസ്‌ലിം വിഭാഗക്കാരും തയാറാവണം. അങ്ങനെയങ്കില്‍ മാത്രമേ അവരെ അസം പൗരന്‍മാരായി അംഗീകരിക്കാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്‍ലിംകൾ ഉള്ളത് അസമിലാണ്. 2011 ലെ സെൻസസ് പ്രകാരം അസമിലെ മൊത്തം ജനസംഖ്യയുടെ 34 ശതമാനം മുസ്‍ലിംകളാണ്. എന്നാൽ സംസ്ഥാനത്തെ ഈ മുസ്‍ലിം ജനസംഖ്യ രണ്ട് വ്യത്യസ്ത വംശങ്ങളിൽ പെട്ടവരാണ്; ഒന്ന് ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശ് വംശജരായ കുടിയേറ്റ മുസ്‍ലിംകളും മറ്റേത് അസമീസ് സംസാരിക്കുന്ന തദ്ദേശീയ മുസ്‍ലിംകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

