അനധികൃത സ്വത്തുസമ്പാദനം അസം സിവിൽ സർവിസ് ഉദ്യോഗസ്ഥ അറസ്റ്റിൽ; പണവും ആഭരണങ്ങളുമടക്കം രണ്ടുകോടി പിടിച്ചെടുത്തു
text_fieldsനൂപുർ ബോറ
ഗുവാഹതി: അനധികൃത സ്വത്ത് സമ്പാദനത്തിന് അസം സിവിൽ സർവിസ് (എസിഎസ്) ഉദ്യോഗസ്ഥ നൂപുർ ബോറയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെല്ലാണ് ഉദ്യോഗസ്ഥയുടെ ഗുവാഹതിയിലെ റെയ്ഡ് ചെയ്തത്. 92 ലക്ഷം രൂപയും ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തു. ബാർപേട്ടയിലെ അവരുടെ വാടക വീട്ടിൽ നടന്ന റെയ്ഡിൽ 10 ലക്ഷം രൂപയും കണ്ടെടുത്തു.
ഗോലാഘാട്ട് നിവാസിയായ നൂപുർ ബോറ 2019 ലാണ് അസം സിവിൽ സർവിസിൽ ചേർന്നത്. നിലവിൽ കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയിൽ സർക്കിൾ ഓഫിസറായിരുന്നു. വിവാദ ഭൂമി ഇടപാടുകളിൽ നൂപുറിന് പങ്കുണ്ടെന്ന പരാതിയെത്തുടർന്ന് ആറു മാസമായി അവർ നിരീക്ഷണത്തിലായിരുന്നെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ബാർപേട്ട റവന്യൂ സർക്കിളിൽ നിയമിതയായ ശേഷം പണത്തിനു വേണ്ടി സംശയാസ്പദമായ വ്യക്തികൾക്ക് ഹിന്ദു ഭൂമി കൈമാറ്റം ചെയ്തതിന് അവർക്കെതിരെ കർശന നടപടി സ്വീകരിച്ചതായും,ന്യൂനപക്ഷക്കാർ കൂടുതലുളള റവന്യൂ സർക്കിളിലാണ് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയതെന്നും ശർമ പറഞ്ഞു.
ബാർപേട്ടയിലെ റവന്യൂ സർക്കിൾ ഓഫിസിൽ ജോലി ചെയ്യുന്ന അവരുടെ സഹായിയായിരുന്ന ലാത് മണ്ഡൽ സുരജിത് ദേകയുടെ വസതിയിലും സ്പെഷൽ വിജിലൻസ് സെൽ റെയ്ഡ് നടത്തി.നൂപുർ ബോറ സർക്കിൾ ഓഫിസറായിരുന്നപ്പോൾ അവരുമായി സഹകരിച്ച് ബാർപേട്ടയിൽ ഒന്നിലധികം ഭൂസ്വത്തുക്കൾ സ്വന്തമാക്കിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

