പൗരത്വം തെളിയിക്കാൻ ഇനിയും രേഖകളില്ലെന്ന് പുറത്തായവർ
text_fieldsന്യൂഡൽഹി: അസമിലെ കരട് പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ 40 ലക്ഷത്തിലേറെ ആളുകൾക്ക് തങ്ങൾ പുറത്തായതിെൻറ കാരണങ്ങൾ ലഭിച്ചുതുടങ്ങിയതോടെ ആശങ്കയേറി. പൗരത്വം തെളിയിക്കാൻ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട അസം എൻ.ആർ.സിയോട് തങ്ങളുടെ പക്കൽ നൽകാൻ കൂടുതൽ രേഖകളില്ലെന്നാണ് ബഹുഭൂരിഭാഗവും പറയുന്നത്.
കരട് പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായതിെൻറ കാരണങ്ങൾ വെള്ളിയാഴ്ചയാണ് അസമിലുള്ള 2500 എൻ.ആർ.സി സേവാ കേന്ദ്രങ്ങളിൽനിന്നായി അറിഞ്ഞുതുടങ്ങിയത്. പൗരത്വത്തിനായുള്ള അവകാശവാദം പുതിയ അപേക്ഷാഫോറങ്ങളിൽ വീണ്ടും പൂരിപ്പിച്ചു സമർപ്പിക്കാനുള്ള തിക്കുംതിരക്കുമാണ് അസമിൽ എവിടെയും. അപേക്ഷകൾക്കൊപ്പം പൗരത്വത്തിനുള്ള തങ്ങളുടെ അവകാശവാദെത്ത ബലപ്പെടുത്തുന്ന അധികരേഖകൾ സമർപ്പിക്കാൻ എൻ.ആർ.സി ആവശ്യെപ്പട്ടിട്ടുണ്ട്. എന്നാൽ ഉള്ള രേഖകളെല്ലാം ഇതിനകം സമർപ്പിച്ചുകഴിഞ്ഞ തങ്ങളുടെ പക്കൽ പിന്നെന്ത് നൽകാനുണ്ട് എന്നാണ് പുറത്തായവർ ചോദിക്കുന്നത്.
ഗുവാഹതിയിൽനിന്ന് 40കി.മീറ്റർ അകലെ ദിമോറിയ ഗ്രാമത്തിലുള്ള സുനിൽ സർകാർ വെള്ളിയാഴ്ച എൻ.ആർ.സി സേവാകേന്ദ്രത്തിൽ നിന്ന് ഇറങ്ങിയശേഷം മാധ്യമങ്ങൾക്കുമുമ്പാകെ പങ്കുവെച്ചത് ഇത്തരമൊരു ആശങ്കയാണ്. ബംഗ്ലാദേശ് ഉണ്ടാകുംമുമ്പ് 1960കളിൽ പൂർവ പാകിസ്താനിൽനിന്ന് കുടിയേറിയതാണ് സുനിൽ സർകാറിെൻറ ബംഗാളി ഹിന്ദുക്കളായ രക്ഷിതാക്കൾ. എഴുതാനും വായിക്കാനുമറിയാത്ത സർക്കാറിെൻറ കൈവശമുള്ള രേഖകൾ പരിശോധിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ ഇന്ത്യൻ പൗരനാണെന്ന് വിധിച്ചിരുന്നു. എന്നാൽ കരട് പൗരത്വപ്പട്ടിക ജൂലൈ 30ന് പുറത്തിറങ്ങിയപ്പോൾ സുനിർ സർകാറും കുടുംബവും പുറത്താണ്.
എൻ.ആർ.സി ആധാരമാക്കിയ 1971ലെ വോട്ടർപട്ടികയിൽ രക്ഷിതാക്കളുടെ പേരുണ്ടായിട്ടും പൗരത്വം സ്ഥാപിച്ചുകിട്ടിയില്ല. അഭിഭാഷകരുടെ സഹായത്തോടെ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് സുനിൽ. തെൻറ പേരും ഭർതൃമാതാവിെൻറ പേരും മാത്രമാണ് തെൻറ കുടുംബത്തിൽനിന്ന് പുറത്തായതെന്നാണ് കാമരൂപ് ജില്ലയിെല ഖേത്രി നിവാസി റഹീമ ബീഗം പറയുന്നത്. ‘‘1971ന് മുമ്പ് അസമിലേക്ക് കുടിയേറിയ രക്ഷിതാക്കളുമായുള്ള പാരമ്പര്യം തെളിയിക്കുന്ന ഞങ്ങൾ രണ്ടു പേരുടെയും രേഖ സ്വീകാര്യമല്ല എന്നാണ് എൻ.ആർ.സി സേവാേകന്ദ്രം പറയുന്നത്.
പഞ്ചായത്തിെൻറ സാക്ഷ്യപത്രങ്ങളടക്കം എല്ലാ രേഖകളും കൊടുത്ത ഞങ്ങൾ പുതുതായി ഇനിയെന്തുകൊടുക്കാനാണ് എന്ന് റഹീമ ബീഗം ചോദിക്കുന്നു. വിവാഹിതരായി മറ്റു ഗ്രാമങ്ങളിലെ ഭർതൃവീടുകളിലേക്ക് മാറിയ അസമിലെ പതിനായിരക്കണക്കിന് സ്ത്രീകൾ ഇൗ രീതിയിൽ കരട് പട്ടിയികൽ പൗരത്വമില്ലാത്തവരായി മാറിയിട്ടുണ്ട് എന്നാണ് വെള്ളിയാഴ്ചക്കുശേഷം പുറത്തുവരുന്ന വിവരം. പാരമ്പര്യം തെളിയിച്ച രേഖയിലെ അക്ഷരത്തെറ്റിെൻറ പേരിൽ പൗരത്വം നഷ്ടപ്പെട്ടവരാണ് സോനാപൂരിലെ ദിമോരിയയിൽ 100ഒാളം പേർ. ഇത്തരമാളുകളുടെ കാര്യത്തിൽ എൻ.ആർ.സിക്ക് മേൽനോട്ടംവഹിക്കുന്ന സുപ്രീംകോടതി ബെഞ്ചിെൻറ തീരുമാനം അത്യന്തം നിർണായകമാകും. അസമിൽനിന്നുതന്നെയുള്ള ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പുറത്തായവർ നൽകുന്ന അപേക്ഷകളുടെ പരിേശാധനക്ക് ഇൗ മാസം 16നകം മാതൃകാ നടപടിക്രമം തയാറാക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധിക രേഖകൾ നൽകാനില്ലാത്തവരുടെ കാര്യത്തിൽ എൻ.ആർ.സി എന്ത് തീരുമാനമെടുക്കുമെന്ന് 16ന് ശേഷം മാത്രമേ പറയാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
