ഗുവാഹതി: അസം നിയമസഭ തെരഞ്ഞെടുപ്പില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന തള്ളി ബി.ജെ.പി. മുന്‍ മുഖ്യമന്ത്രി കൂടിയായ തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന തള്ളി അസം ബി.ജെ.പി പ്രസിഡന്റാണ് രംഗത്തുവന്നത്.
തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന അപഹാസ്യമാണെന്നും അര്‍ഥശൂന്യരായ ആളുകളുടെ ജല്‍പനമായി മാത്രമേ ഇത്തരം പ്രസ്താവനകളെ കാണാനാകൂവെന്നും അസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രഞ്ജീത് കുമാര്‍ ദാസ് പ്രതികരിച്ചു.
രഞ്ജന്‍ ഗൊഗോയി ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടെന്ന വിശ്വസനീയമായ വിവരം ലഭിച്ചുവെന്ന് തരുണ്‍ ഗൊഗോയി മാധ്യമങ്ങളോടാണ് പറഞ്ഞത്. മുന്‍ ചീഫ് ജസ്റ്റിസിന് രാജ്യസഭയിലേക്ക് പോകാമെങ്കില്‍ തീര്‍ച്ചയായും മുഖ്യമന്ത്രി പദത്തിലേക്കും അദ്ദേഹം സമ്മതിക്കുമെന്നും തരുണ്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ നവംബറില്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച രഞ്ജന്‍ ഗൊഗോയി നിലവില്‍ രാജ്യസഭാംഗമാണ്.