ഗാന്ധിയും നെഹ്റുവും ചവറുകളെന്ന് ബി.ജെ.പി എം.പി: അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്
text_fieldsഗുവാഹത്തി: മഹാത്മാ ഗാന്ധിയെയും ജവഹൽലാൽ നെഹ്റുവിനെയും അധിക്ഷേപിച്ച അസം ബി.ജെ.പി എം.പിയെ അറസ്റ്റു ചെയ്യണമെന്ന് കോൺഗ്രസ്. ബി.ജെ.പി എം.പിയായ ജോഹത് കാമാഖ്യ പ്രസാദ് തസയാണ് ഗാന്ധിയെയും നെഹ്റുവിനെയും ചവറുകളെന്ന് അധിക്ഷേപ്പിച്ചത്. ശനിയാഴ്ച ശിവ്സാഗർ ജില്ലയിലെ സൊനാരിയിൽ നടന്ന പൊതുറാലിയിലാണ് ജോഹത് അധിക്ഷേപ പരാമർശം നടത്തിയത്.
വർഷങ്ങളായി കോൺഗ്രസ് നെഹ്റു–ഗാന്ധി ചവറുകളെ ജനങ്ങളുടെ മനസിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും എന്നാൽ ഇന്ന് ആ തത്വശാസ്ത്രത്തിന് സ്ഥാനമില്ലെന്നുമാണ് ജോഹത് പറഞ്ഞത്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവള്‍ വേദിയിൽ ഇരിക്കവെയാണ് ജോഹത് തസ രാഷ്ട്രപിതാവിനെയും ആദ്യപ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് സംസാരിച്ചത്.
ജോഹത് തസയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഞായാറാഴ്ച കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് ഗുവാഹത്തി പൊലീസ് സ്റ്റേഷനിൽ എം.പിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു.
