ജുമുഅ നമസ്കാരത്തിനുള്ള നിയമസഭ ഇടവേള ഒഴിവാക്കി അസം സർക്കാർ; മാറ്റിയത് ബ്രിട്ടീഷ് കാലം മുതലുള്ള നിയമം
text_fieldsഗുവാഹത്തി: ജുമുഅ നമസ്കാരത്തിന് വേണ്ടി നിയമസഭയിൽ വെള്ളിയാഴ്ചകളിൽ ഇടവേള അനുവദിക്കുന്ന പതിവ് നിർത്തി അസം സർക്കാർ. ബ്രിട്ടീഷ്‍കാലം മുതലുള്ള നിയമത്തിലാണ് അസം സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതൽ ജുമുഅ നമസ്കാരത്തിനായി മുസ്‍ലിം എം.എൽ.എമാർക്ക് പ്രത്യേക ഇടവേളയുണ്ടാവില്ലെന്ന അസം സർക്കാർ അറിയിച്ചു.
ബ്രിട്ടീഷ് കാലം മുതൽ മുസ്‍ലിം എം.എൽ.എമാർക്ക് ജുമുഅ നമസ്കാരത്തിനായി പ്രത്യേക ഇടവേള അനുവദിക്കാറുണ്ട്. 12 മണി മുതൽ രണ്ട് മണി വരെയാണ് ഇടവേള. ഈ നിയമം മാറ്റുകയാണ്. ഇനി മുതൽ പ്രത്യേക ഇടവേള ഉണ്ടാവില്ലെന്ന് ബി.ജെ.പി എം.എൽ.എ ബിശ്വജിത്ത് ഫുകൻ അറിയിച്ചു.
അസം നിയമസഭ സ്പീക്കർ വിളിച്ചുചേർത്ത യോഗത്തിനൊടുവിലാണ് തീരുമാനമെടുത്തതെന്നും. എല്ലാവരും ഇതിനെ അനുകൂലിച്ചുവെന്നും ബി.ജെ.പി എം.എൽ.എ അവകാശപ്പെട്ടു.
ലോക്സഭയിലോ രാജ്യസഭയിലോ മറ്റ് നിയമസഭകളിലോ ഇത്തരത്തിൽ ജുമുഅ നമസ്കാരത്തിനായി ഇടവേള അനുവദിക്കാറില്ല. അതുകൊണ്ടാണ് ബ്രിട്ടീഷ് കാലം മുതലുള്ള നിയമം മാറ്റാൻ സ്പീക്കർ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതരക്കാണ് അസം നിയമസഭ സമ്മേളനം തുടങ്ങുക. എന്നാൽ, വെള്ളിയാഴ്ച ഒമ്പത് മണിക്ക് സമ്മേളനം തുടങ്ങും. ഇടവേള ഒഴിവാക്കിയതോടെ ഇനി എല്ലാ ദിവസവും ഒമ്പതരക്കാവും സമ്മേളനം തുടങ്ങുക. നേരത്തെ 2023 ഡിസംബറിൽ രാജ്യസഭയിൽ ജുമുഅ നമസ്കാരത്തിനായി അനുവദിച്ചിരുന്ന 30 മിനിറ്റ് ഇടവേള ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

