അസം: ഒരു ഇന്ത്യക്കാരനും രാജ്യം വിടേണ്ടി വരില്ല–മോദി
text_fieldsന്യൂഡൽഹി: ഒരു ഇന്ത്യക്കാരനും രാജ്യം വിടേണ്ടി വരില്ലെന്നും പൗരത്വപ്പട്ടികയിൽനിന്ന് പുറന്തള്ളപ്പെട്ടവർക്ക് അവരുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായ എല്ലാ അവസരങ്ങളും നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ പൗരത്വപ്പട്ടിക തങ്ങളുടെ വാഗ്ദാനമാണ്. സുപ്രീംകോടതി മേൽനോട്ടത്തിലാണ് ഇതു നടക്കുന്നത്. അതിെൻറ പേരിൽ ആരെങ്കിലും രാഷ്ട്രീയം കളിക്കുന്നുവെങ്കിൽ അത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും മോദി പറഞ്ഞു. റഫാൽ പോർ വിമാന ഇടപാട് സുതാര്യമാണെന്നും അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും
വാർത്താ ഏജൻസിയായ എ.എൻ.െഎക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ സമ്മർദത്തിനു വഴങ്ങി രാജീവ്ഗാന്ധി ഒപ്പിട്ട അസം ഉടമ്പടിയുടെ ഭാഗമാണ് പൗരത്വപ്പട്ടികയെന്ന് മോദി പറഞ്ഞു. എ.എൻ.െഎക്ക് പുറമെ ‘ടൈംസ് ഒാഫ് ഇന്ത്യ’യും മുൻകൂട്ടി എഴുതി തയാറാക്കിയ പ്രധാനമന്ത്രിയുടെ സമാനമായ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 40ലക്ഷം പേർ അസമിലെ കരട് പൗരത്വപ്പട്ടികയിൽനിന്ന് ഒഴിവായത് ആഭ്യന്തര യുദ്ധത്തിലേക്കും രക്തപ്പുഴയിലേക്കും രാജ്യത്തെ നയിക്കുമെന്ന തൃണമൂൽ കോൺഗ്രസിെൻറ ആരോപണത്തെ മോദി പരിഹസിച്ചു. തങ്ങളിൽ തന്നെ വിശ്വാസമില്ലാത്തവരും ജനകീയ പിന്തുണ നഷ്ടപ്പെട്ടവരുമാണ് ആഭ്യന്തര യുദ്ധം, രക്തപ്പുഴ എന്നീ വാക്കുകൾ ഉപയോഗിക്കുന്നതെന്ന് മോദി പറഞ്ഞു.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ എല്ലാവരും ഒരാൾക്കെതിരെ എന്ന നിലപാട് പ്രതിപക്ഷത്തിന് എടുക്കേണ്ടി വന്നിരിക്കുകയാണ്. മഹാസഖ്യം ആദർശങ്ങൾക്കല്ല, വ്യക്തിതാൽപര്യങ്ങൾക്കാണ്. ഇടതുക്ഷികൾ കോൺഗ്രസിനും തൃണമൂലിനുമൊപ്പം ചേർന്നത് പരാമർശിച്ച് അടിയന്തരാവസ്ഥ നടപ്പാക്കിയവരും എതിർത്തവരും വേദി പങ്കിട്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു.
ആൾക്കൂട്ട ആക്രമണം അങ്ങേയറ്റം നിർഭാഗ്യകരമാണ്. താനും തെൻറ പാർട്ടിയും നിരവധി സന്ദർഭങ്ങളിൽ അത്തരം പ്രവർത്തനങ്ങൾക്കും മനഃസ്ഥിതിക്കുമെതിരെ സംസാരിച്ചിട്ടുണ്ട്. ആൾക്കൂട്ട ആക്രമണങ്ങളെയും മാനഭംഗങ്ങളെയും കേവലം സ്ഥിതിവിവരക്കണക്കുകളായി കാണരുത്. എല്ലാവരും രാഷ്ട്രീയത്തിനതീതരായി ഉയർന്ന് സമൂഹത്തിൽ സാമാധാനവും െഎക്യവും നിലനിർത്തണം. ആൾക്കൂട്ട ആക്രമണങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
