മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടു; മകനെയും മരുമകളെയും വെടിവെച്ച് വയോധികൻ
text_fieldsഗൊരഖ്പൂർ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ മകനെയും മരുമകളെയും വെടിവെച്ച് വയോധികൻ. ഹോം ഗാർഡായി വിരമിച്ചയാളാണ് പ്രതി. മദ്യപിക്കുന്നതും വീട്ടിൽ വഴക്കിടുന്നതും നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അക്രമം. ഇന്നലെ രാത്രിയാണ് സംഭവം. ഹരി യാദവ് മദ്യപിച്ച നിലയിൽ വീട്ടിലെത്തി കുടുംബവുമായി വഴക്കിട്ടപ്പോഴാണ് മകനും മരുമകളും ഇടപെടുന്നത്. വഴക്ക് നിർത്താനും മദ്യപിക്കാതിരിക്കാനും ആവശ്യപ്പെട്ടപ്പോൾ അയാൾ ലൈസൻസുള്ള തന്റെ തോക്ക് എടുത്ത് രണ്ടു പേർക്കും നേരെ വെടിയുതിർത്തു. മൂത്ത മകൻ അനുപ് യാദവിന് (38) നെഞ്ചിലും ഇളയ മരുമകൾ സുപ്രിയ യാദവിന് (30) ഇടതുകൈയിലും വയറ്റിലും വെടിയേറ്റു.
ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇരുവരെയും ബി.ആർ.ഡി മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ അവരുടെ നില ഗുരുതരമാണ്. പ്രതിയായ ഹരി യാദവിനെ കസ്റ്റഡിയിലെടുത്ത് ലൈസൻസുള്ള തോക്ക് പിടിച്ചെടുത്തിട്ടുണ്ടെന്ന് ബർഹൽഗഞ്ച് എസ്.എച്ച്.ഒ ചന്ദ്രഭാൻ സിങ് പറഞ്ഞു. പരാതി ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേ ആഴ്ച ഗൊരഖ്പൂരിൽ താൻ പ്രണയിച്ച സ്ത്രീയെ മറ്റൊരു പുരുഷനുമായി വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ സർക്കാർ ഉദ്യോഗസ്ഥൻ വീട്ടിൽ കയറി അവളെയും സഹോദരിയെയും വെടിവെച്ചിരുന്നു. തുടർന്ന് അയാൾ സ്വയം വെടിയുതിർത്തു. മൂന്ന് പേരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

