വോട്ടുകൊള്ളക്ക് തെളിവ് ചോദിച്ചു, നൽകാമെന്ന് ഇൻഡ്യ സഖ്യം; പ്രതിപക്ഷ ആരോപണം രാഷ്ട്രപതി നിഷേധിച്ചില്ലെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: വോട്ടുകൊള്ളയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പദവിയിൽ നിന്നും മാറ്റണമെന്നും തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകി ഇൻഡ്യാ സഖ്യം. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, മമത ബാനർജി, എം.എ. ബേബി,ഡി. രാജ, ഇ.ടി. മുഹമ്മദ് ബഷീർ, സുപ്രിയ സുലെ, മനോജ് ഝാ അടക്കം പത്തംഗ പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് രാഷ്ട്രപതിയെ കണ്ടത്.
ആവശ്യങ്ങൾ ക്ഷമയോടെ കേട്ടു രാഷ്ട്രപതി, വിഷയം ഗൗരവമായി അന്വേഷിക്കാമെന്ന് പറഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് ഖാർഗെ വ്യക്തമാക്കി. വോട്ട് കൊള്ളക്ക് തെളിവുണ്ടോ എന്ന് രാഷ്ട്രപതി ചോദിച്ചിരുന്നു. എല്ലാ തെളിവുകൾ ശേഖരിച്ച് ഉടൻ സമർപ്പിക്കും. രാഷ്ട്രപതി തങ്ങളെ ക്ഷമയോടെ കേട്ടതിൽ തങ്ങൾ സംതൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രപതി നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നും, വോട്ടുകൊള്ളയുടെ തെളിവുകൾ നൽകാൻ അവർ ആവശ്യപ്പെട്ടതായും രാഹുൽ ഗാന്ധി പറഞ്ഞു. ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം കൈമാറാൻ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിന് ശേഷമാണ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയത്. പത്ത് പേരെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കൂ എന്ന് വ്യക്തമാക്കി മറ്റുള്ളവരെ വിജയ് ചൗക്കിൽ വെച്ച് പൊലീസ് തടഞ്ഞു.
ഇതോടെ പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യവിളികളുമായി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, എ.എ. റഹീം, കൊടിക്കുന്നിൽ സുരേഷ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ തുടങ്ങി 150-ഓളം എം.പിമാർ പ്രതിഷേധിച്ചു. പ്രതിനിധി സംഘം തിരിച്ചുവരുന്നത് വരെ പ്രതിഷേധം തുടർന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ സർക്കാറിന്റെ അടിത്തറ ഇളക്കിയിട്ടുണ്ടെന്നും അവർ ഇപ്പോൾ ഭയപ്പെടുന്നുണ്ടെന്നും വൈകീട്ട് നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ‘ഈ നക്ഷത്രം ഒരിക്കലും അണഞ്ഞുപോകാതിരിക്കട്ടെ, ആ പ്രതീക്ഷ ഒരിക്കലും വഞ്ചിക്കപ്പെടാതിരിക്കട്ടെ’ എന്ന, 1947 ആഗസ്റ്റ് 14-ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ജവഹർലാൽ നെഹ്റു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലെ വരികൾ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. അതീവ സുരക്ഷാ മേഖലയായ ഇന്ത്യാഗേറ്റിൽ വെള്ളിയാഴ്ച യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

