പൊലീസ് രേഖകൾ ചോദിച്ചു; ബൈക്ക് കത്തിച്ച് യുവാവ് സ്ഥലം വിട്ടു
text_fieldsഗുരുഗ്രാം: വാഹനത്തിെൻറ രേഖകൾ കാണിക്കാൻ ട്രാഫിക് പൊലീസുകാരൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവ് ബൈക്കിന് തീ കൊളുത്തി സ്ഥലം വിട്ടു. ഗുരുഗ്രാം ഡി.എസ്.ഡി കോളജിൽ പുതിയ റെയിൽവെ റോഡിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വലിയ ശബ്ദത്തോടെ ബൈക്കിൽ തീ ആളിക്കത്തിയതോടെ പരിഭ്രാന്തരായ ആളുകൾ വാഹനത്തിനടുത്തു നിന്ന് ദൂരേക്ക് ഒാടി മാറുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരിലാരോ ഇൗ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കത്തിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിൽ നിന്ന് നേരത്തെ വെച്ചിരുന്ന പാൽ പാത്രം എടുക്കാൻ ഇയാൾ ശ്രമിക്കുന്നതും പോകുന്നതിനു മുമ്പ് പൊലീസുകാരോട് സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ കെടുത്തിയത്.
എച്ച്.ആർ. 26 ജെ.എ.എ.ടി എന്നാണ് വാഹനത്തിെൻറ നമ്പർ പ്ലേറ്റിൽ എഴുതിയിരിക്കുന്നത്. എന്നാൽ ബൈക്കിെൻറ എഞ്ചിൻ നമ്പറും ചേസിസ് നമ്പറും വ്യക്തമാണെന്നും ഇതു വെച്ച് ഇൗ വാഹനത്തിെൻറ ഉടമയെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
