‘ആഗ്രഹങ്ങൾ പറയുന്നതിൽ എന്താണ് തെറ്റ്?’കർണാടകയിൽ നേതൃത്വമാറ്റമുണ്ടാവുമോ എന്നറിയാൻ ജ്യോത്സ്യനോട് ചോദിക്കണമെന്നും ഡി.കെ. ശിവകുമാർ
text_fieldsബെംഗളൂരു: കർണാടക കോൺഗ്രസിൽ നേതൃമാറ്റമുണ്ടാവുമോ എന്നറിയാൻ ജ്യോതിഷിയെ കാണേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മന്ത്രിസ്ഥാനത്തിന് താത്പര്യം പ്രകടിപ്പിച്ച എം.എൽ.എമാർ പരസ്യമായി രംഗത്തെത്തുന്നതിനെ പറ്റി പരാമർശിക്കുന്നതിനിടെ ആഗ്രഹങ്ങൾ ഉണ്ടാവുന്നതിൽ എന്താണ് തെറ്റെന്നും ശിവകുമാർ പറഞ്ഞു.
‘എം.എൽ.എമാർക്കും എം.എൽ.സിമാർക്കും ആഗ്രഹങ്ങൾ ഉണ്ടാകുന്നതിൽ എന്താണ് തെറ്റ്? എം.എൽ.എമാരെയും എം.എൽ.സിമാരെയും മന്ത്രിമാരാക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ടാകും. അത് തെറ്റാണെന്ന് നമുക്ക് പറയാൻ കഴിയുമോ? അവർ പാർട്ടിക്കുവേണ്ടി പോരാടുകയും ത്യാഗങ്ങൾ ചെയ്യുകയും കഠിനമായി അധ്വാനിക്കുകയും ചെയ്യുന്നവരാണ്. അപ്പോൾ അഭിലാഷങ്ങൾ ഉണ്ടാകുന്നതിൽ എന്താണ് തെറ്റ്?’ ശിവകുമാർ ചോദിച്ചു.
കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉപമുഖ്യമന്ത്രിയുടെ പരാമർശം.
ശനിയാഴ്ച ഡൽഹിയിൽ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നേതൃമാറ്റമടക്കം വിഷയങ്ങളിൽ ചർച്ച ചൂടുപിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഡി.കെ ശിവകുമാറും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖാർഗെയുമായി കൂടിക്കാഴ്ചക്ക് പിന്നാലെ തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് ശിവകുമാറിനോട് നേതൃമാറ്റത്തിനുള്ള സാധ്യത മാധ്യമപ്രവർത്തകർ ആരാഞ്ഞത്. ‘മന്ത്രിസഭാ വികസനമോ നേതൃമാറ്റമോ പ്രവചിക്കാൻ ഒരു ജ്യോതിഷിയെ സമീപിക്കണം,’ എന്നായിരുന്നു മറുപടി.
നവംബറിൽ കർണാടയിലെ കോൺഗ്രസ് സർക്കാർ രണ്ടരവർഷം പിന്നിടുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തെ മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയരുന്നത്. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടൽ കരാറിനെ ഉദ്ധരിച്ചാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ച.
നാലോ അഞ്ചോ മാസം മുമ്പ് പാർട്ടി നേതൃത്വം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ രണ്ടര വർഷം ഭരണം പൂർത്തിയാക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും സിദ്ധരാമയ്യ വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ, കോൺഗ്രസ് കർണാടക യൂണിറ്റ് മേധാവി സ്ഥാനം രാജിവച്ചതായുള്ള അഭ്യൂഹങ്ങൾ ഞായറാഴ്ച തള്ളിയ ശിവകുമാർ താൻ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനാണെന്ന് വ്യക്തമാക്കി. കർണാടകയിൽ 100 പുതിയ കോൺഗ്രസ് ഓഫീസുകളുടെ തറക്കല്ലിടൽ ചടങ്ങിലേക്ക് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും ക്ഷണിക്കാനാണ് താൻ ഡൽഹിയിൽ എത്തിയതെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

