Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രാഷ്ട്രീയത്തിൽ പ്രവേശിച്ചത് തെറ്റായിപ്പോയി'; ആശിഷ് ബാനർജിയുടെ ആത്മഹത്യാ കുറിപ്പ്

text_fields
bookmark_border
രാഷ്ട്രീയത്തിൽ പ്രവേശിച്ചത് തെറ്റായിപ്പോയി; ആശിഷ് ബാനർജിയുടെ ആത്മഹത്യാ കുറിപ്പ്
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മുൻ ഡെപ്യൂട്ടി സ്പീക്കറും മന്ത്രിയുമായിരുന്ന തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് ആശിഷ് ബാനർജിയുടെത് പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ബംഗാളി ഭാഷയിലുള്ള ഒരു പേജുള്ള കുറിപ്പിൽ, തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും രാഷ്ട്രീയത്തിൽ പ്രവേശിച്ചത് തെറ്റായിപ്പോയെന്ന് തോന്നുന്നുവെന്നും അദ്ദേഹം എഴുതിയതായാണ് ആരോപണം. ഭാവിയിൽ കുടുംബാംഗങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്നും അദ്ദേഹം നിർദ്ദേശിച്ചതായി വിവരമുണ്ട്. തുടർച്ചയായി 25 വർഷം രാംപൂർഹട്ട് നിയമസഭാ മണ്ഡലത്തിൽ വിജയിച്ച ബാനർജി, താൻ ഒരിക്കലും അഴിമതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഒരു കാര്യത്തിനും പണം കൈപ്പറ്റിയിട്ടില്ലെന്നും എഴുതിയിട്ടുണ്ട്. തൃണമൂലിലെ "തെറ്റായ കാര്യങ്ങൾ" എപ്പോഴും അംഗീകരിക്കാൻ സാധിച്ചിരുന്നില്ലെങ്കിലും, അവയ്‌ക്കെതിരെ പ്രതിഷേധിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

താരപീഠ്-രാംപൂർഹട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയെ (TRDA) പരാമർശിച്ച ബാനർജി, ടെൻഡർ സംബന്ധമായ തീരുമാനങ്ങൾ, ചെക്ക് നൽകൽ, പ്ലാൻ അംഗീകാരങ്ങൾ അല്ലെങ്കിൽ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും കുറിപ്പിലുണ്ടെന്നാണ് വിവരം.

തന്നെ "അപകീർത്തിപ്പെടുത്താനും" അപമാനിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിർഭൂമിലെ അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള പാർട്ടി ഓഫീസിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കൈപ്പടയിലെഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

മമത ബാനർജിയുടെ അടുത്ത അനുയായി ആയിരുന്ന ആശിഷ് ബാനർജി, വിദ്യാർത്ഥി കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. 2001 മുതൽ 2026 വരെ അദ്ദേഹം രാംപൂർഹട്ട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഈ വർഷം നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ധ്രുവ സഹാ അദ്ദേഹത്തെ 24,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് യാത്ര അവസാനിച്ചത്.

15 വർഷത്തെ ഭരണത്തിന് ശേഷം മമത ബാനർജിയുടെ തൃണമൂൽ ബംഗാളിൽ അധികാരം നഷ്ടപ്പെടുകയും ബി.ജെ.പി സംസ്ഥാനത്ത് ആദ്യമായി സർക്കാർ രൂപീകരിക്കുകയും ചെയ്തതിന് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരിക്കുന്നത്. മരണത്തിൽ അന്വേഷണം വേണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - asish banerjee suicide note found
Next Story