പാക് സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണി സര്‍വ്വനാശത്തിലേക്കുള്ള മരണമണിയെന്ന്
text_fieldsഇന്ത്യയിൽ നിന്നും ഭീഷണി തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന പാക് സൈനിക മേധാവിയുടെ ഭീഷണി സർവനാശത്തിലേക്കുള്ള മരണമണിയെന്ന് മനുഷ്യാവകാശ പ്രവർത്തകൻ കെ. സഹദേവൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ‘പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ മുനീര്‍ ഇന്നലെ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന ഒരു ബിസിനസ് മീറ്റില്‍ വെച്ച് നടത്തിയ പ്രസ്താവന അങ്ങേയറ്റം നിരുത്തരവാദപരവും മാനവിക വിരുദ്ധവും ധിക്കാരപരവുമായ ഒന്നാണ്.
സ്വന്തം രാജ്യത്തിന്റെ ആണവ ശേഷിയില്‍ അനാവശ്യ ഗര്‍വ്വ് അനുഭവിക്കുന്ന പക്വതയില്ലാത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ തലത്തില്‍ നിന്നുകൊണ്ടുള്ള പ്രസ്താവനയാണ് ഫീല്‍ഡ് മാര്‍ഷല്‍ മുനീര്‍ നടത്തിയിരിക്കുന്നത്. 'If we're going down, we'll take half the world down'. ആണവ യുദ്ധത്തില്‍ വിജയികളോ പരാജിതരോ ഇല്ല എന്ന മിനിമം ധാരണയെങ്കിലും ഉണ്ടെങ്കില്‍ ഇതുപോലൊരു അബദ്ധ പ്രസ്താവക്ക് സൈനിക മേധാവി മുതിരുകയില്ല.
ദക്ഷിണേഷ്യന്‍ മേഖലയിലെ രണ്ട് സുപ്രധാന ആണവ രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ ഇന്ത്യ-പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ ആണവ ഭീഷണിയിലേക്ക് ചെന്നെത്തുന്നത് ആദ്യമായല്ല. 2019ലെ പുല്‍വാമ ആക്രമണ പശ്ചാത്തലത്തില്‍ ‘ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാന്‍ വെച്ച പടക്കങ്ങളല്ല’ എന്ന് പ്രസ്താവനയിറക്കിയത് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദി തന്നെയായിരുന്നു.
ആണവ രാഷ്ട്രങ്ങളുടെ ഭരണത്തലവന്മാര്‍ നടത്തുന്ന ഇത്തരത്തിലുള്ള വിലകുറഞ്ഞ പ്രസ്താവനകള്‍ ആഗോള സമാധാനത്തിനു തന്നെ ഭീഷണിയായി മാറുന്നുവെന്നതാണ് യാഥാർഥ്യം. കാരണം 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിക്കപ്പെട്ട ആണവായുധങ്ങളുടെ നൂറു മടങ്ങ് പ്രഹര ശേഷിയുള്ളതാണ് നിലവിലെ ആണവായുധങ്ങള്‍.
വ്യക്തവും കൃത്യവുമായ ഒരു ആണവ തത്വം രൂപപ്പെടുത്തിയിട്ടില്ലാത്ത പാകിസ്താനിനെപ്പോലുള്ള ഒരു രാജ്യത്തിന്റെ സൈനിക മേധാവി നടത്തിയ പ്രസ്താവന കൂടുതല്‍ ആശങ്കകള്‍ തന്നെയാണ് ലോകത്തിന് സമ്മാനിക്കുന്നത്.
No First Use (NFU) എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തില്‍ നിന്ന് ഭിന്നമായി ദേശീയ സുരക്ഷക്ക് ഭീഷണിയുണ്ടെങ്കില്‍, പ്രത്യേകിച്ച് ഇന്ത്യയുടെ പരമ്പരാഗത സൈനിക മേധാവിത്വത്തെ ചെറുക്കുന്നതിന്, ആണവായുധങ്ങള്‍ ആദ്യം പ്രയോഗിക്കാനുള്ള അവകാശം പാകിസ്താന്‍ നിലനിര്‍ത്തുന്നുവെന്നതാണ് ഒന്നാമത്തെ പ്രശ്‌നം.
ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഒരു ആണവ തത്വം പാകിസ്താന് ഇല്ലെങ്കിലും സൈനിക മേധാവികളുടെ പ്രസ്താവനകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം, Credible Minimum Detterence (CMD വിശ്വസനീയമായ മിനിമം പ്രതിരോധം) എന്ന മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി 2013 മുതല്‍ Full Spectrum Detterence എന്ന നിലപാടിലേക്ക് പാകിസ്താന്‍ എത്തിപ്പെടുകയുണ്ടായി. എല്ലാ തലങ്ങളിലുമുള്ള പരമ്പരാഗതവും ആണവപരവുമായ ഭീഷണികളെ തടയുന്നതിന് തന്ത്രപരമായ ആണവായുധങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തരമൊരു സ്ട്രാറ്റജി പാകിസ്താന്‍ തയ്യാറാക്കിയിരിക്കുന്നത്.
പാകിസ്താന്റെ ഭൗമ പരിധിയിലേക്കുള്ള കടന്നുകയറ്റത്തോടൊപ്പം തന്നെ വിഭവങ്ങളിന്മേലുള്ള നിയന്ത്രണങ്ങളും ആണവായുധ പ്രയോഗത്തിലേക്ക് നയിക്കാം എന്നതാണ് പാകിസ്താന്‍ ആണവ ഉപയോഗത്തിനായി തയ്യാറാക്കപ്പെട്ട നാല് പരിധികള്‍ (thresholds) സൂചിപ്പിക്കുന്നത്. സിന്ധു നദീതടത്തിലെ വെള്ളവുമായി ബന്ധപ്പെട്ട് ഇത് പ്രധാനമാണ്. ഇന്നലെ പാകിസ്താന്‍ സൈനിക മേധാവി നടത്തിയ പ്രസ്താവന പ്രധാനമായും സിന്ധുനദിയില്‍ ഇന്ത്യ നിർമിക്കാന്‍ പോകുന്ന അണക്കെട്ടുകളുമായി ബന്ധപ്പെട്ടാണെന്നും ശ്രദ്ധിക്കുക.
ഇന്ത്യയില്‍ നിന്നുള്ള ഭീഷണികളെക്കുറിച്ചുള്ള മുന്‍ അനുഭവങ്ങളില്‍ നിന്നും, പ്രത്യേകിച്ച് 1971ല്‍ ബംഗ്ലാദേശിന്റെ രൂപീകരണത്തിനുശേഷം പരമാധികാരത്തിന്റെ ആത്യന്തിക ഉറപ്പ് ആണവായുധങ്ങളില്‍ കണ്ടെത്തുന്നതാണ് പാകിസ്താനിന്റെ ആണവ സിദ്ധാന്തം എന്നു കാണാം. 'We will eat grass, but we will get our own bomb' എന്ന് പാകിസ്താന്‍ ഭരണകൂടം അവരുടെ ജനതയോട് നിരന്തരം പ്രഖ്യാപിക്കുന്നതായി കാണാന്‍ കഴിയും.
രണ്ട് ആണവായുധ രാഷ്ട്രങ്ങള്‍ തമ്മില്‍ അതിര്‍ത്തികളില്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഇത്തരത്തിലുള്ള വീമ്പുപറച്ചിലുകളും ചില നേരങ്ങളിലെ പ്രവൃത്തികളും Escalation dynamic പോലുള്ള അപകടങ്ങളെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ബാലാകോട്ട്, പഹല്‍ഗാം ആക്രമണങ്ങള്‍ പുതിയൊരു കീഴ്‌വഴക്കം സ്ഥാപിച്ചെടുക്കുന്നതിനെയാണ് സഹായിക്കുന്നത്.
മറ്റൊരു രാജ്യത്തിന്റെ ഉള്‍പ്രദേശത്തേക്ക് കയറിയുള്ള സാമ്പ്രദായിക ആണവേതര ആക്രമണങ്ങള്‍ പതുക്കെ സ്ഥിരമായ ആയുധ സംഘര്‍ഷങ്ങളിലേക്കും അതിലൂടെ ആണവ യുദ്ധങ്ങളിലേക്ക് വഴുതിവീഴാനുള്ള സാധ്യതകളും അത് തുറന്ന് വെക്കുന്നുണ്ട്. ആണവായുധ രാഷ്ട്രങ്ങള്‍ കൂടുതല്‍ മിതത്വത്തിന്റെ ഭാഷ സ്വീകരിക്കുന്നതായിരിക്കും മാനവികതയ്ക്ക് ഗുണം ചെയ്യുക.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

