ആസാദ് പുർ മാണ്ഡി: ഏഷ്യയിലെ ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റിൽ ആളനക്കമില്ല
text_fieldsന്യൂഡൽഹി: വിജനമായ വഴികൾ, ആളൊഴിഞ്ഞ തെരുവോരങ്ങൾ, ഷട്ടറിട്ടുപൂട്ടിയ കടകൾ. ആയിരണക്കണക്കിന് ട്രക്കുകളും ലക്ഷക്കണക്കിന് ആളുകളും വന്നുപോയിരുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റായ ആസാദ്പുർ മാണ്ഡിയുടെ കോവിഡ് കാലത്തെ അവസ്ഥയാണിത്. ഇപ്പോഴും തുറന്നുപ്രവർത്തിക്കുന്ന ചുരുക്കം ചില കടകളിൽ പോലും പഴങ്ങളും പച്ചക്കറികളും വാങ്ങാൻ ആരുമെത്തുന്നില്ല.
ജീവിതവും ജീവിതമാർഗവും നഷ്ടപ്പെട്ട കച്ചവടക്കാർ പഴയ നല്ല കാലത്തെയോർത്ത് വിലപിക്കുന്നു. "എന്റെ ഷോപ്പിൽ നിന്നും സാധനങ്ങൾ കയറ്റാനായി ട്രക്കുകൾ മണിക്കൂറുകളോളം ക്യൂ നിൽക്കുമായിരുന്നു. ആയിരക്കണക്കിന് കസ്റ്റമേഴ്സുമായി ദിവസവും ഇടപെട്ടിരുന്ന എനിക്ക് 100 പേരെ പോലും ഇന്ന് കാണാൻ കഴിയുന്നില്ല." കച്ചവടക്കാരൻ പറഞ്ഞു.
രാജ്യത്തൊട്ടാകെ ബാധിച്ച ലോക്ഡൗൺ മാത്രമല്ല മാർക്കറ്റിനെ പ്രേതനഗരമാക്കി മാറ്റിയത്. ആസാദ്പുർ മാണ്ഡിയിലെ 15 പേർക്ക് കോവിഡ് ബാധിച്ചതാണ് മാർക്കറ്റിനെ പ്രതികൂലമായി ബാധിച്ചത്. ഏപ്രിൽ 20നായിരുന്നു ഒരു കച്ചവടക്കാരന് ആദ്യമായി കോവിഡുണ്ടെന്ന് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം കട പൂട്ടി സീൽ ചെയ്തു. മറ്റ് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏപ്രിൽ 20നും 30നും ഇടക്കാണ്. ഓരോ ദിവസവും കൂടുതൽ കൂടുതൽ കടകൾ സീൽ ചെയ്തുകൊണ്ടിരിക്കുന്നു. 27ന് ഹരിയാന സർക്കാർ ഡൽഹിയിൽ നിന്നുള്ള റോഡ് അടച്ചതോടെ ട്രക്കുകളുടെ വരവും നിലച്ചു. ശബ്ദമുഖരിതമായ നല്ല നാളുകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
