250 വഖഫ് സ്വത്തുക്കളിൽ അവകാശവാദവുമായി പുരാവസ്തു വകുപ്പ്
text_fieldsന്യൂഡൽഹി: ഡൽഹി ഫിറോസ് ഷാ കോട്ല ജമാ മസ്ജിദ് ഉൾപ്പെടെ രാജ്യത്തെ 250 വഖഫ് സ്വത്തുക്കളിൽ അവകാശവാദം ഉന്നയിച്ച് പുരാവസ്തു വകുപ്പ് (എ.എസ്.ഐ). തങ്ങളുടെ ആഭ്യന്തര സർവേയിൽ 250 സംരക്ഷിത സ്മാരകങ്ങൾ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്. ഇവയുടെ നിയന്ത്രണം ആവശ്യപ്പെട്ട് 2024 ലെ വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയെ (ജെ.പി.സി) സമീപിക്കുമെന്ന് എ.എസ്.ഐ വൃത്തങ്ങൾ പറയുന്നു.
മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ ‘ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്നു’ എന്ന് വ്യക്തമാക്കി ചൂണ്ടിക്കാട്ടിയ സ്ഥാപനങ്ങളും എ.എസ്.ഐ അവകാശവാദം ഉന്നയിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ഫിറോസ്ഷാ കോട്ല ജമാ മസ്ജിദിന് പുറമെ, ഹൗസ്കാസ് ജമാ മസ്ജിദ്, ആർ.കെ പുരം ഛോട്ടി ഗുംതി മക്ബറ, ഈദ്ഗാഹ് തുടങ്ങിവയാണ് എ.എസ്.ഐ പട്ടികയിലുള്ള ഡൽഹിയിലെ പ്രധാന ആരാധനാലയങ്ങൾ.
പല സ്മാരകങ്ങളെയും ഏകപക്ഷീയമായി വഖഫ് സ്വത്തായി പ്രഖ്യാപിച്ചു എന്നുമാണ് എ.എസ്.ഐ പറയുന്നത്. 120 സംരക്ഷിത സ്ഥാപനങ്ങൾ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെപ്റ്റംബറിൽ നടന്ന ജെ.പി.സി യോഗത്തിൽ എ.എസ്.ഐ അറിയിച്ചിരുന്നു. പിന്നീട് വിവിധ സർക്കിളുകളിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ 250 എണ്ണം ഉണ്ടെന്നാണ് എ.എസ്.ഐ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.