താജ്മഹലിൽ ചോർച്ച; തെർമൽ സ്കാനിങ്ങിൽ വിള്ളൽ കണ്ടെത്തി
text_fieldsന്യൂഡൽഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്‍റെ പ്രധാന താഴികക്കുടത്തിൽ വിള്ളൽ കണ്ടെത്തി. 73 മീറ്റർ ഉയരത്തിലാണ് ഇത്. വിള്ളൽ പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്.
താഴികക്കുടത്തിലെ കല്ലുകളെ ബന്ധിപ്പിക്കുന്ന കുമ്മായക്കൂട്ടിന് ബലക്ഷയം സംഭവിച്ചതാണ് വിള്ളലിന് കാരണമായത്. താഴികക്കുടത്തെ താങ്ങി നിർത്തുന്ന ഇരുമ്പ് ഘടനയുടെ സമ്മർദം മൂലമാകാം ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. മാത്രമല്ല, താഴികക്കുടത്തിന്റെ മേൽക്കൂരയുടെ വാതിലും തറയും ദുർബലമായിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
ചോർച്ചയെ തുടർന്ന് നടത്തിയ തെർമൽ സ്കാനിങ്ങിലാണ് വിള്ളൽ കണ്ടെത്തിയത്. അടുത്ത രണ്ടാഴ്ച കൂടുതൽ വിദഗ്ധ പരിശോധന നടത്തും. തുടർന്ന് വിള്ളൽ പരിഹരിക്കാൻ അറ്റകുറ്റപ്പണി ആരംഭിക്കും. ചോർച്ച പൂർണമായി പരിഹരിക്കാൻ ആറു മാസം സമയമെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
പതിവ് പരിശോധന മാത്രമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
പതിവ് പരിശോധന മാത്രമാണ് നടന്നത് എന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിശദീകരണം. ഇതുസംബന്ധിച്ച വാർത്തകൾ വസ്തുതയല്ല. തകരാറുകൾ മുൻകൂട്ടി അറിയുന്നതിനും അറ്റകുറ്റപ്പണികൾക്കുമായുള്ള പതിവ് പരിശോധന മാത്രമാണ് നടന്നത്. ചോർച്ചയൊന്നും കണ്ടെത്തിയില്ല. പരിശോധനയിൽ ചെറിയ രീതിയിൽ ജലാംശം കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാൻ നടപടി സ്വീകരിച്ചു. താഴികക്കുടത്തിന് ബലക്ഷം സംഭവിച്ചിട്ടില്ല എന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു.
ആഗ്രയിൽ യമുനാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന താജ്മഹൽ, മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായാണ് പണികഴിപ്പിച്ചത്. 22 വർഷമെടുത്താണ് പൂർണമായും വെണ്ണക്കല്ലിൽ ഈ സ്മാരകം പൂർത്തിയാക്കിയത്. 1983- ൽ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ യുനെസ്കോ താജ് മഹലിനെ ഉൾപ്പെടുത്തി. അനശ്വര പ്രണയ സ്മാരകമായി വിശേഷിപ്പിക്കുന്ന താജ്മഹൽ വർഷത്തിൽ 70 മുതൽ 80 ലക്ഷം ആളുകൾ സന്ദർശിക്കുന്നുവെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

