ആശാറാം എന്ന ആത്മീയ സൂത്രം
text_fieldsസബർമതിയിലെ ഒരു കുടിലിൽനിന്നായിരുന്നു എഴുപതുകളിൽ ആശാറാം ബാപ്പുവിെൻറ തുടക്കം. നാലു ദശാബ്ദംകൊണ്ട് ആ കുടിൽ 10,000 കോടി രൂപയുടെ ആത്മീയ സാമ്രാജ്യമായി. രാജ്യമൊട്ടാകെ 400 ആശ്രമങ്ങൾ, നാലു സംസ്ഥാനങ്ങളിലും വിദേശത്തും രണ്ടു കോടിയിലേറെ അനുയായിവൃന്ദം, പ്രമുഖ രാഷ്ട്രീയ നേതാക്കളുമായുള്ള ചങ്ങാത്തം, ഏതു കുറ്റകൃത്യത്തെയും ‘സ്വാഹ’യാക്കുന്ന ആത്മീയസൂത്രങ്ങൾ, ഭൂമി തട്ടിയെടുക്കൽ, സാധാരണക്കാരെ പറ്റിക്കുന്ന മന്ത്രവാദം, നരബലി... ആൾദൈവങ്ങൾക്കൊരു മാതൃകയായിരുന്നു ആശാറാം. 2013ൽ അറസ്റ്റിനെതുടർന്ന് ആൾദൈവത്തിെൻറ ആശ്രമങ്ങളിൽ റെയ്ഡ് നടത്തിയ പൊലീസ് ഞെട്ടി. കോടികളുടെ സ്വത്തും വിപണിയിൽ വൻവിലയുള്ള ഭൂമികളും ഇയാൾക്ക് സ്വന്തമായിരുന്നു.
1941 ഏപ്രിൽ 17ന് പാകിസ്താനിൽ സിന്ധ് പ്രവിശ്യയിലെ ബെറാനി ഗ്രാമത്തിലാണ് അശുമൽ സിരുമലാനി എന്ന ആശാറാമിെൻറ ജനനം. വിഭജനത്തിനുശേഷം അഹ്മദാബാദിലെത്തി. പിതാവ് മരിച്ചപ്പോൾ കടുത്ത ദാരിദ്ര്യത്തെതുടർന്ന് നാലാം ക്ലാസിൽ പഠിപ്പ് അവസാനിച്ചു. 1963ൽ കുടുംബം അജ്മീറിലെത്തി. വിശ്വാസികളെ റെയിൽവേ സ്റ്റേഷനിൽനിന്ന് അജ്മീർ ശരീഫ് ദർഗയിലേക്ക് കുതിരവണ്ടിയിൽ കൊണ്ടുപോകുന്ന പണിയായിരുന്നു ആശാറാമിന്. എങ്ങനെയെങ്കിലും ധനികനാകുക എന്നതായിരുന്നു ആഗ്രഹം. അതിന് കുതിരവണ്ടി മത്സരത്തിൽ വരെ പെങ്കടുത്തു. രക്ഷയില്ലാതായപ്പോൾ 15ാം വയസ്സിൽ വീടുവിട്ട് ഭറൂച്ചിലെ ആശ്രമത്തിലെത്തി. ലിലാഷ എന്നൊരു ഗുരുവാണെത്ര ആശാറാം ബാപ്പു എന്ന പേര് നൽകിയത്.
1972ൽ സബർമതി നദിക്കരയിൽ ആശ്രമം തുടങ്ങിയതോടെ ‘ശുക്രദശ’യായി. സമ്പന്ന അനുയായികളുടെ സഹായത്തോടെ അഹ്മദാബാദിലെ മൊേട്ടറയിൽ 10 ഏക്കറിൽ മറ്റൊരു ആശ്രമം തുടങ്ങി. ബലാത്സംഗക്കേസിൽ അറസ്റ്റിലായശേഷവും ആൾദൈവത്തിെൻറ സാമ്രാജ്യത്തിന് ഇളക്കംതട്ടിയില്ല. ആശാറാം ലക്ഷ്മി ദേവി എന്ന സ്ത്രീയെ വിവാഹം കഴിച്ചു. നാരായൺ സായ്, ഭാരതി ദേവി എന്നീ മക്കളുണ്ട്. മകൻ നാരായൺ അച്ഛെൻറ പാതയിലാണ്, മറ്റൊരു ബലാത്സംഗക്കേസിൽ ജയിലിൽ. ഭാര്യയും മക്കളുമാണ് ആശ്രമങ്ങൾ നോക്കിനടത്തിയിരുന്നത്.
2008ൽ ദിേപഷ്, അഭിഷേക് വഗേല എന്നീ ബന്ധുക്കളുടെ ദുരൂഹമരണമാണ് ആശാറാമിനെ സംശയനിഴലിലാക്കിയത്. ഏഴ് അനുയായികളെ പൊലീസ് പിടികൂടി. ആശ്രമത്തിൽ മന്ത്രവാദത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്ന് മരിച്ചവരുടെ മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ, ആശാറാമിനെ പൊലീസിന് തൊടാനായില്ല, 2013ൽ ബലാത്സംഗക്കേസിൽ അറസ്റ്റിലാകുംവരെ. ആഭിചാരക്രിയക്കിടെ പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. 11ാം ക്ലാസിൽ പഠിക്കുേമ്പാൾ തലചുറ്റി വീണപ്പോഴാണ് ശരീരത്തിൽ ദുഷ്ടാത്മാവ് പ്രവേശിച്ചെന്നുപറഞ്ഞ് ഗുരുകുലം മാനേജ്മെൻറ് പെൺകുട്ടിയെ ആശാറാമിെൻറ അടുത്തുപോകാൻ നിർദേശിച്ചത്.
ഇൗ കേസിൽ ആശാറാമിനെതിരെ സാക്ഷി പറഞ്ഞവരിൽ മൂന്നുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു. എന്നാൽ, കൊലക്കേസുകളിൽ ഇയാൾ പ്രതിയായില്ല. ആശാറാമിെൻറ ആയുർവേദാശുപത്രിയിലെ ഡോക്ടർ അമൃത് പ്രജാപതി 2014 മേയ് 23ന് ദുരൂഹസാഹചര്യത്തിൽ ആശുപത്രിയിൽ കൊല്ലപ്പെട്ടു. ആൾദൈവത്തിെൻറ ആശ്രമജീവിതം പുറംലോകത്തിന് കാട്ടിക്കൊടുത്തതിലുള്ള ‘ശിക്ഷ’യായിരുന്നു ഇൗ മരണം. മറ്റൊരു വിശ്വസ്തനായ അഖിൽ ഗുപ്ത 2015 ജനുവരി 11ന് െവടിയേറ്റു മരിച്ചു. ഒരു ബലാത്സംഗക്കേസിൽ അഖിലും ഭാര്യ വർഷയും സാക്ഷികളായിരുന്നു. ജോധ്പുരിലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്നാം സാക്ഷിയായിരുന്ന എൽ.െഎ.സി ഏജൻറ് കൃപാൽ സിങ് 2015 ജൂലൈ 10നാണ് വെടിയേറ്റു മരിച്ചത്. നിരവധി സാക്ഷികൾ ഇന്നും ഒളിവുജീവിതം നയിക്കുകയാണ്. സാക്ഷികളെ കൊലപ്പെടുത്തിയ കേസിൽ ആശാറാമിെൻറ സുരക്ഷാജീവനക്കാരൻ കാർത്തിക് ഹൽദറെ അറസ്റ്റ് ചെയ്തിരുന്നു. ബാപ്പുവിനെതിരെ നീങ്ങിയതിനുള്ള ശിക്ഷയാണിതെല്ലാം എന്നാണ് അനുയായികൾ പറയുന്നത്. തനിക്ക് ൈലംഗികശേഷിയില്ലെന്ന് അറസ്റ്റിനു പിറകേ ആശാറാം വാദിച്ചെങ്കിലും മെഡിക്കൽ പരിശോധനയിൽ നുണയാണെന്ന് കണ്ടെത്തി.
കേസിൽ വിചാരണ പുരോഗമിക്കവെ, കഴിഞ്ഞവർഷം അഖില ഭാരതീയ അഖാഡ പരിഷത്ത്, ആശാറാമിനെ വ്യാജ ബാബമാരുടെ പട്ടികയിൽപെടുത്തിയിരുന്നു. 2012ൽ നിർഭയ കേസുമായി ബന്ധപ്പെട്ട പരാമർശം വിവാദമായിരുന്നു. നിരവധി സംസ്ഥാനങ്ങളിൽ ആൾദൈവത്തിന് വോട്ടുബാങ്കുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പി, േകാൺഗ്രസ് സർക്കാറുകളുടെ തണലിലായിരുന്നു ആത്മീയവ്യാപാരം. രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഛത്തിസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിെല കോൺഗ്രസ്, ബി.ജെ.പി സർക്കാറുകൾ ആൾദൈവത്തിന് സംസ്ഥാനത്തിെൻറ മുഖ്യാതിഥി പദവി നൽകിയിരുന്നു. ഗുജറാത്തിലെ ബി.ജെ.പി സർക്കാറുമായി അടുത്തകാലത്ത് ഇടഞ്ഞുനിൽക്കുകയായിരുന്നു ആൾദൈവം. ഇയാളുടെ കുടുംബത്തിെൻറ പേരിൽ മൂന്ന് ഗ്രാമങ്ങളിലുള്ള 70 ഏക്കർ കൃഷിഭൂമി സർക്കാർ തിരിച്ചുപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
