മെറ്റൽ ഡിറ്റക്ടറും ലഗേജ് സ്കാനറുകളും സ്ഥാപിച്ച് പരിശോധന; അശോക സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം
text_fieldsചണ്ഡിഗഢ്: അശോക സർവകലാശാലാ കാമ്പസിൽ പോക്കറ്റടക്കം പരിശോധിക്കാൻ മെറ്റൽ ഡിറ്റക്ടറും ലഗേജ് സ്കാനറും സ്ഥാപിച്ച നടപടിക്കെതിരെ കടുത്ത വിദ്യാർഥി പ്രതിഷേധം. സുരക്ഷാ പ്രോട്ടോക്കോളുകൾ എന്ന പേരിൽ ഹരിയാനയിലെ രാജീവ് ഗാന്ധി എജുക്കേഷൻ സിറ്റിയിലുള്ള സർവകലാശാലയിൽ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ 200ലധികം വിദ്യാർഥികൾ വ്യാഴാഴ്ച കടുത്ത പ്രതിഷേധവുമായെത്തി. വിദ്യാർഥി ഐക്യം സിന്ദാബാദ്, സ്കാനറുകൾ അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യമുയർത്തി കാമ്പസിൽനിന്ന് കൂട്ട വാക്കൗട്ട് നടത്തി.
കാമ്പസിനകത്തെ മൂന്ന് ദിവസത്തെ പ്രതിഷേധത്തിനു പിന്നാലെ വിദ്യാർഥികൾ വ്യാഴാഴ്ച ഗേറ്റ് 2ൽ ഒത്തുകൂടി വിദ്യാർഥി കാര്യങ്ങളുടെ ഡീൻ, റസിഡൻസ് ലൈഫ് ഓഫിസ്, സ്റ്റുഡന്റ് കെയർ ഓഫിസ് എന്നിവയോട് തങ്ങളുടെ ആശങ്കകൾ അറിയിച്ചു.
പ്രതിഷേധത്തിനൊടുവിൽ പുതുതായി ഇൻസ്റ്റാൾ ചെയ്ത മെറ്റൽ ഡിറ്റക്ടറുകൾ, ബാഗേജ് സ്കാനറുകൾ എന്നിവയിലൂടെ കടന്നുപോകാതെ അവരെ അകത്ത് പ്രവേശിക്കാൻ അനുവദിച്ചു.
ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ഹിമാൻഷു സച്ച്‌ദേവ് അയച്ച ഇ മെയിലിൽ വിവരിച്ചിരിക്കുന്ന പുതിയ സുരക്ഷാ നടപടികൾ ഈ മാസം 17 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. നിർബന്ധിത ബാഗേജ് സ്കാനിംഗ്, വിദ്യാർഥികൾ പോക്കറ്റ് കാലിയാക്കേണ്ടതിന്റെ ആവശ്യകത എന്നിവ ഇതിൽ ഉൾപ്പെടുന്നു. കാമ്പസിലെ നിരോധിത ഇനങ്ങളിൽ സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന്, ആയുധങ്ങൾ, മദ്യം, മൂർച്ചയുള്ള കത്തികൾ, സൈക്കോ ആക്റ്റീവ് വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നുവെന്നും നിർദേശത്തിൽ പറയുന്നു.
പല വിദ്യാർഥികളും ഈ നീക്കത്തെ ആക്രമണാത്മകമായി കണ്ടു. മുൻകൂർ കൂടിയാലോചന കൂടാതെയാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ആരോപിച്ച് അശോക യൂനിവേഴ്സിറ്റി സ്റ്റുഡന്റ് ഗവൺമെന്റ് (എ.യു.എസ്.ജി) ജനുവരി 18ന് ഒരു പ്രസ്താവന ഇറക്കി. ഈ നീക്കത്തിൽനിന്ന് അടിയന്തരമായി പിന്മാറണമെന്നും ഇല്ലെങ്കിൽ വിദ്യാർഥികളെ അണിനിരത്തുമെന്നും അവർ പറഞ്ഞു.
കാമ്പസിലേക്കു വരുന്ന വാഹനങ്ങളും കർശന പരിശോധനക്കും വിധേയമാക്കി. ടാക്സി ഡ്രൈവർമാരുടെയും കൂടെയുള്ളവരുടെയും വസ്‌തുക്കളും ഈ സ്കാനറുകൾ പരിശോധിച്ചു. അതെക്കുറിച്ചൊന്നും വിദ്യാർഥി സംഘടനയെ അറിയിച്ചിരുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെ 1,100ലധികം പേർ ഒപ്പുവെച്ച നിവേദനം സർവകലാശാല അധികൃതർക്ക് നൽകി. വെള്ളിയാഴ്ച, രക്ഷിതാക്കളും സർവകലാശാലയിലെ ചില ഫാക്കൽറ്റി അംഗങ്ങളും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തി. അശോക സർവകലാശാല വൈസ് ചാൻസലർ ഡോ. സോമക് റായ് ചൗധരി ജനുവരി 20ന് വിദ്യാർഥി സർക്കാറിന്റെ നാല് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നടപടികൾ പിൻവലിക്കാൻ വിസമ്മതിച്ചു.
ഭരണകൂടം തങ്ങളെ ഈ സർവകലാശാലയുടെ തുല്യ പങ്കാളികളായി കാണാനും പിന്തിരിപ്പൻ നടപടികൾ പിൻവലിക്കാനും തങ്ങളുടെ ജീവിതത്തിന്റെ ഏതു മേഖലയെയും ബാധിക്കുന്ന തുടർ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പ് വിദ്യാർഥികളുമായി ജനാധിപത്യപരമായി കൂടിയാലോചിക്കണമെന്നും സ്റ്റുഡന്റ് ഗവൺമെന്റ് അംഗം പ്രതികരിച്ചു. തങ്ങളുടെ സ്വകാര്യതയെയും താമസാവകാശത്തെയും ഹനിക്കുന്ന നടപടികൾ കാമ്പസിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമല്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
ഈ ഭരണകൂടത്തിലെ ഒരംഗം പോലും തങ്ങളെ ശ്രദ്ധിക്കാനോ കോൾ എടുക്കാനോ തയ്യാറായില്ലെന്ന് വിദ്യാർത്ഥി സംഘടന പ്രതികരിച്ചു. അശോക ഭരണകൂടം അവരുടെ വിദ്യാർത്ഥികളെ ശ്രദ്ധയോടെയോ ബഹുമാനത്തോടെയോ പരിഗണിക്കുന്നില്ല. ക്രൂരമായ സുരക്ഷാ നടപടികൾക്കെതിരെ 10 മണിക്കൂറിലധികം കൊടും തണുപ്പിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് പുലർച്ചെ 4 മണി വരെ കാമ്പസിനുള്ളിലെ ശുചിമുറികളിലേക്ക് പ്രവേശനം നിഷേധിച്ചതായി സംഘടന അവകാശപ്പെട്ടു.
സ്വകാര്യതയിലേക്കുള്ള നഗ്നമായ കടന്നുകയറ്റമായ നടപടികളെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും പകരം മനുഷ്യത്വരഹിതമായ അവസ്ഥകൾക്ക് ഞങ്ങളെ വിധേയമാക്കാനാണ് അവർ ആഗ്രഹിക്കുന്നത്. സ്വേച്ഛാധിപതിയായ അഡ്മിനെതിരെ നൂറുകണക്കിന് വിദ്യാർഥികൾ അനിവാര്യമായും ഒന്നിച്ചുവെന്നും സംഘടന പറഞ്ഞു.
അനധികൃത ‘നിരീക്ഷണം’ ഭരണഘടനാപരമായ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് വിമർശിച്ച് ഇടതുപക്ഷ അഖിലേന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കി. ഒരു ലിബറൽ കോട്ടയാണെന്ന് സ്വയം അഭിമാനിക്കുന്ന അശോക യൂണിവേഴ്സിറ്റി, സ്വയം ഒരു പൊലീസ് താവളമായി മാറുകയാണെന്നും അതിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

