ഓർക്കുന്നുണ്ടോ ഇന്ത്യയിലെ ജനാധിപത്യക്കശാപ്പിനെ കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ സബ്യസാചി ദാസിനെ?
text_fieldsഇന്ത്യയിലെ ജനാധിപത്യ പ്രക്രിയകൾ അട്ടിമറിക്കപ്പെടുന്നതിനെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം രാജ്യവ്യാപകമായി വലിയ ചർച്ചയായിരിക്കുകയാണ്. ആറു മാസത്തെ പഠനത്തിന് ശേഷമാണ് രാഹുൽ ആ റിപ്പോർട്ട് അവതരിപ്പിച്ചത്. എന്നാൽ രാഹുലിനും മുമ്പ് ഇക്കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു മനുഷ്യനുണ്ട്. അതിന്റെ പേരിൽ തന്റെ ജോലി പോലും രാജിവെക്കേണ്ടി വന്നയാൾ.
ആരുടെ ഓർമയിലും പെട്ടെന്ന് കടന്ന് വരാൻ സാധ്യതയില്ലാത്ത ആ മനുഷ്യന്റെ പേര് സബ്യസാചി ദാസ് എന്നാണ്. അശോക യൂനിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറായിരുന്നു സബ്യസാചി ദാസ്. കുറച്ച് വർഷങ്ങൾക്കു മുമ്പ് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ജനാധിപത്യപരമായ പിന്നോട്ടുപോക്ക് (Democratic Backsliding in the World’s Largest Democracy) എന്ന പേരിൽ ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലാണ് സബ്യസാചി ആ ഗവേഷണ പ്രബന്ധം എഴുതിയത്. 2019ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ജനാധിപത്യക്കശാപ്പിനെ കുറിച്ചാണ് അദ്ദേഹം ആ പ്രബന്ധത്തിൽ വിശദീകരിച്ചത്.
373 ലോക്സഭ മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുണ്ടായ അന്തരമായിരുന്നു പഠനത്തിലെ പ്രധാന കണ്ടെത്തൽ. നൂറുകണക്കിന് സ്ഥലങ്ങളിൽ ഈ അന്തരം കണ്ടെത്തി. ഈ കണക്കുകളെല്ലാം തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പരാതികൾ ഉയർന്നതോടെ ഈ കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായി.
ബി.ജെ.പി സർക്കാറിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ ലേഖനമായിരുന്നു അത്. തുടർന്ന് സബ്യസാചിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം അശോക യൂനിവേഴ്സിറ്റിക്കു മേൽ സമ്മർദം ചെലുത്തി. അതോടെ, സാമ്പത്തിക ശാസ്‍ത്ര പ്രഫസറായിരുന്ന സബ്യസാചിക്ക് യൂനിവേഴ്സിറ്റിയിൽനിന്ന് രാജിവെക്കേണ്ടി വന്നു.
സബ്യസാചിയുടെ രാജി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സഹപ്രവർത്തകനും സാമ്പത്തിക ശാസ്ത്ര വിദഗ്ധനുമായ പുലാപ്ര ബാലകൃഷ്ണനും യൂനിവേഴ്സിറ്റിക്ക് രാജിക്കത്ത് സമർപ്പിച്ചു. സബ്യസാചിയെ തിരിച്ചെടുത്തില്ലെങ്കിൽ തങ്ങളും രാജിവെക്കുമെന്ന് സാമ്പത്തിക ശാസ്ത്രവിഭാഗത്തിലെ അധ്യാപകർ ഭീഷണി മുഴക്കി. മറ്റ് ഡിപാർട്മെന്റിലെ അധ്യാപകരും അധ്യാപകരും ഉറച്ച പിന്തുണയുമായെത്തി.
അമേരിക്കയിലെ യേൽ യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷമാണ് സബ്യസാചി അശോക യൂനിവേഴ്സിറ്റിയിൽ പ്രഫസറായി എത്തിയത്. ജനാധിപത്യത്തിലെ അസമത്വങ്ങളായിരുന്നു സബ്യസാചിയുടെ പഠന വിഷയം. ഇന്ത്യയുടെ സൂക്ഷ്മ സാമ്പത്തിക പ്രകൃയയെ കുറിച്ച് വിശദമായ പഠനവും നടത്തിയിട്ടുണ്ട്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും അധ്യാപകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

