അശോക സ്തംഭത്തിന് ശൗര്യം കൂടി; രൂപമാറ്റത്തിനെതിരെ പ്രതിപക്ഷം
text_fields1. അശോക സ്തംഭം 2. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ശൗര്യം കൂടിയ അശോക സ്തംഭം
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കുറ്റൻ അശോക സ്തംഭത്തിന് ശൗര്യം കൂട്ടി രൂപമാറ്റം വരുത്തിയത് വൻ വിവാദമായി. ദേശീയമുദ്രയുടെ യഥാർഥ രൂപവും പുതിയ പാർലമെന്റ് മന്ദിരത്തിൽ അതിന് രൂപമാറ്റം വന്നതും താരതമ്യം ചെയ്ത് പ്രതിപക്ഷം വിമർശനവുമായി രംഗത്തുവന്നു.
പ്രതിപക്ഷത്തെ വിളിക്കാതെ കൂറ്റൻ മുദ്ര പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതിന് പിറകെയാണ് രൂപമാറ്റം വിവാദമായത്. ശാന്തമായ മൂന്ന് സിംഹങ്ങളുടെ സ്ഥാനത്ത് ശൗര്യം കാണിക്കുന്ന സിംഹങ്ങളാക്കി മാറ്റിയതാണ് പ്രതിഷേധത്തിനും പരിഹാസത്തിനുമിടയാക്കിയത്. പ്രസാർ ഭാരതി മുൻ സി.ഇ.ഒയും തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പിയുമായ ജവഹർ സർക്കാർ ദേശീയമുദ്ര അപമാനിക്കുകയാണ് സർക്കാർ ചെയ്തതെന്ന് വിമർശിച്ചു. മഹത്വവും ആത്മവിശ്വാസവുമുള്ള അസ്സൽ അശോകസ്തംഭ സിംഹം ഇടതുഭാഗത്തും പാർലമെന്റിന് മുകളിൽവെച്ച മോദിയുടെ വേർഷൻ വലതുഭാഗത്തും എന്ന് പറഞ്ഞ് രണ്ട് സ്തംഭങ്ങളിലെയും സിംഹങ്ങളുടെ ചിത്രങ്ങൾ താരതമ്യത്തിനായി ജവഹർ സർക്കാർ ട്വീറ്റ് ചെയ്തു. മുരളുന്ന, അനാവശ്യ ശൗര്യം കാണിക്കുന്ന മോദിയുടെ വേർഷൻ നാണക്കേടാണെന്നും ശാന്തമായ സിംഹമുഖങ്ങളെ വെച്ച് സമാധാന സൂചകമായിരുന്നു അശോക സ്തംഭമെന്നും അദ്ദേഹം പറഞ്ഞു.
യഥാർഥ അശോകസ്തംഭത്തിന് സൗമ്യഭാവമായിരുന്നുവെന്നും 'അമൃത കാലത്ത്' ഉണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റ് സ്തംഭത്തിന് മനുഷ്യരെ തിന്നുന്ന പ്രവണതയാണെന്നും ഇരു ചിത്രങ്ങളും ട്വീറ്റ് ചെയ്ത് രാഷ്ട്രീയ ജനതാദൾ പരിഹസിച്ചു. പ്രതീകങ്ങൾ മനുഷ്യരുടെ ചിന്തയെ പ്രതിഫലിപ്പിക്കുമെന്നും ഒരു മനുഷ്യന്റെ ശരിയായ പ്രകൃതം ചിഹ്നങ്ങളിലൂടെ അറിയാമെന്നും പാർട്ടി ഓർമിപ്പിച്ചു. കാലത്തിന് അനുസൃതമായി എല്ലാം പരിണമിക്കുമെന്നും സ്വാതന്ത്ര്യം കിട്ടി 75 വർഷമായപ്പോൾ നമുക്കും മാറ്റങ്ങളുണ്ടായില്ലേ എന്നും പറഞ്ഞ് ബി.ജെ.പി രൂപമാറ്റത്തെ ന്യായീകരിച്ചു. എന്നാൽ, തങ്ങൾ ബോധപൂർവം രൂപമാറ്റം വരുത്തിയിട്ടില്ല എന്നായിരുന്നു ഇതുണ്ടാക്കിയ ശിൽപികളായ സുനിൽ ദേവ്റെയും റോമിയൽ മോസസും പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

