ഹരിയാന മുൻ പി.സി.സി. അധ്യക്ഷൻ അശോക് തൻവർ രാജിവെച്ചു
text_fieldsന്യൂഡൽഹി: ഹരിയാന മുൻ പി.സി.സി. അധ്യക്ഷൻ അശോക് തൻവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവെച്ചു. ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാജി. തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലെ അപാകതകൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം അശോക് തൻവറും അനുയായികളും ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വീടിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
സോണിയക്ക് അയച്ച രാജിക്കത്ത് ട്വിറ്ററിലൂടെ അശോക് തൻവർ പുറത്തുവിട്ടു. കോൺഗ്രസ് അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്ന് രാജിക്കത്തിൽ പറയുന്നു. രാഷ്ട്രീയ എതിരാളികൾ കാരണമല്ല ഈ പ്രതിസന്ധി, പാർട്ടിക്ക് ഉള്ളിൽ തന്നെയാണ് പ്രശ്നമെന്നും അശോക് തൻവർ വ്യക്തമാക്കുന്നു.
ഹരിയാന കോൺഗ്രസ് നേതൃത്വം പണം വാങ്ങി തെരഞ്ഞെടുപ്പ് സീറ്റുകൾ വിൽപന നടത്തുകയാണെന്നാണ് അശോക് തൻവറിന്‍റെ ആരോപണം. മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ അടക്കമുള്ളവർക്കെതിരായാണ് അശോക് തൻവർ ആരോപണം ഉന്നയിച്ചത്.
ഹൂഡയുടെ ഇടപെടലിലാണ് അശോക് തൻവറിനെ പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിലും അശോക് തൻവറിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിനു പിന്നിലും ഹൂഡയാണെന്നാണ് അശോകിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
