പേടിപ്പിക്കാൻ പ്ലാസ്റ്റിക് പാമ്പുകളും വ്യാജ പുലിത്തോലും; ഭക്തരെ ഭയപ്പെടുത്തി ലൈംഗിക ചൂഷണം: നാസിക് 'ആൾദൈവം' അശോക് ഖറാത്തിന്റെ തട്ടിപ്പുകൾ പുറത്ത്
text_fieldsനാസിക്: ആത്മീയതയുടെ മറവിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത നാസിക്കിലെ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖറാത്തിന്റെ തട്ടിപ്പുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്ലാസ്റ്റിക് പാമ്പുകൾ, പുലിത്തോലിന്റെ മാതൃകയിലുള്ള തുണികൾ, രഹസ്യമായി ഒളിപ്പിച്ചുവച്ച വസ്തുക്കൾ എന്നിവ ഉപയോഗിച്ച് കൃത്രിമമായ സാഹചര്യങ്ങൾ സൃഷ്ടിച്ചാണ് ഇയാൾ ഭക്തരെ ഭയപ്പെടുത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മുൻ മെർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കൂടിയായ അശോക് ഖറാത്തിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുമ്പോൾ തട്ടിപ്പുകൾ ഒന്നൊന്നായി ചുരുളഴിയുകയാണ്. തന്റെ പക്കൽ സഹായം തേടിയെത്തുന്നവരെ ഭയപ്പെടുത്താനായി ഇയാൾ വ്യാജ സെറ്റപ്പുകൾ ഒരുക്കുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ‘കൃത്രിമമായ വസ്തുക്കൾ ഉപയോഗിച്ച് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭക്തരെ മാനസികമായി തളർത്തി ചൂഷണം ചെയ്യുകയുമായിരുന്നു’ എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൂടാതെ കല്ലുകളും വിത്തുകളും 'പുണ്യവസ്തുക്കളായി' നൽകി ഇയാൾ ലക്ഷങ്ങൾ തട്ടിയതായും പരാതിയുണ്ട്. നാസിക് റോഡിൽ നിന്നും കിലോക്ക് വെറും 100 രൂപ നിരക്കിൽ വാങ്ങുന്ന പുളിങ്കുരുക്കൾ പോളിഷ് ചെയ്ത് പുണ്യവസ്തുക്കളാണെന്ന് വിശ്വസിപ്പിച്ചാണ് 10,000 മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങി ഭക്തർക്ക് വിറ്റിരുന്നത്. ഭക്തർ തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പങ്കുവെച്ചുകഴിഞ്ഞാൽ ഈ വിത്തുകളിൽ പ്രത്യേക പൂജകൾ നടത്തി അനുഗ്രഹിച്ചതാണെന്ന് ഇയാൾ അവകാശപ്പെടുമായിരുന്നു.
ഖറാത്തിനെതിരെ നരബലി ആരോപണവുമുണ്ട്. ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്ത അഞ്ച് വെടിയുണ്ടകൾ നരബലിക്കായി ഉപയോഗിച്ചതാകാമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. ഖറാത്തിന്റെ താവളത്തിൽ നടത്തിയ പരിശോധനയിൽ ഒരു റിവോൾവർ, 21 ലൈവ് കാട്രിഡ്ജുകൾ, ഉപയോഗിച്ച അഞ്ച് വെടിയുണ്ടകൾ എന്നിവ കണ്ടെത്തിയിരുന്നു. ഈ വെടിയുണ്ടകൾ 'നരബലി'യുമായി ബന്ധപ്പെട്ടതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
അശോക് ഖറാത്തിന്റെ ലൈംഗികാതിക്രമ കേസുകൾ മഹാരാഷ്ട്ര നിയമസഭയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയിൽ വിശദീകരണം നൽകിയെങ്കിലും, പ്രതിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന ആരോപണങ്ങളിൽ മൗനം പാലിക്കുകയായിരുന്നു. ഇയാളോടൊപ്പം രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദമാണ് മഹാരാഷ്ട്രയിൽ ഉടലെടുത്തിരിക്കുന്നത്. പല ഉദ്യോഗസ്ഥരും ഇയാളുടെ ശൃംഖലയിൽ പങ്കാളികളാണെന്നും സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മെർച്ചന്റ് നേവിയിലെ കരിയർ കാരണമാണ് ഖറാത്ത് 'ക്യാപ്റ്റൻ' എന്നറിയപ്പെട്ടിരുന്നത്. മിർഗാവിലെ ശ്രീ ഈശാനേശ്വർ മഹാദേവ് ക്ഷേത്ര ട്രസ്റ്റിന്റെ തലവൻ എന്ന നിലയിൽ ഇയാൾക്ക് പ്രാദേശിക രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ സ്വാധീനമുണ്ടായിരുന്നു. നിലവിൽ ബലാത്സംഗം, ലൈംഗികാതിക്രമം, ബ്ലാക്ക്‌മെയിലിങ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട ഖരാത്ത് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ മാർച്ച് 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

