ന്യൂഡൽഹി: രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സചിൻ പൈലറ്റിെൻറ നേതൃത്വത്തിൽ കൈക്കൂലി നൽകി എം.എൽ.എമാരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവന്ന് സർക്കാറിന് അട്ടിമറിക്കാനാണ് ശ്രമമെന്ന് ഗെഹ്ലോട്ട് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ഇതിന് പിന്നിലുണ്ടെന്നും കത്തിൽ ആരോപിക്കുന്നു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നത്. ജനാധിപത്യ മൂല്യങ്ങൾക്കെതിരാണ് ഇത്തരം ശ്രമങ്ങൾ. കർണാടകയിലേയും മധ്യപ്രദേശിലേയും സർക്കാറുകളെ ഇൗ രീതിയിൽ അട്ടിമറിച്ചിട്ടുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.
സചിൻ പൈലറ്റ് ബി.ജെ.പിയുമായി ചേർന്ന് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തി. മധ്യപ്രദേശിൽ ജോതിരാദിത്യ സിന്ധ്യ നടത്തിയ നീക്കത്തിന് സമാനമാണിതെന്നും അദ്ദേഹത്തിെൻറ കത്തിൽ ചൂണ്ടിക്കാട്ടുന്നു.