രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഇന്ന് ഗെഹ്ലോട്ടും പൈലറ്റും ഖാർഗെയെ കാണും
text_fieldsജയ്പൂർ: നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കം. അതിനായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും വിമത നേതാവ് സചിൻ പൈലറ്റിനെയും പ്രത്യേകം കണ്ട് സംസാരിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ഇരു നേതാക്കളെയും ഇന്ന് ഡലഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ കൂടിക്കാഴ്ച സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ഗെഹ്ലോട്ട് ഡൽഹിക്ക് പോകുമെന്നും ഖാർഗെയെ കാണുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
തന്റെ ആവശ്യങ്ങൾ ഈ മാസം അവസാനമാകുമ്പോഴേക്കും അഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങൾ നടത്തുമെന്നാണ് സചിൻ പൈലറ്റിന്റെ ഭീഷണി. വസുന്ധര രാജെയുടെ കാലത്തെ അഴിമതി അന്വേഷിക്കണമെന്നാണ് സചിൻ പൈലറ്റിന്റെ പ്രധാന ആവശ്യം.
രാവിലെ 11 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എസ്.എസ് രൺധാവയും ചർച്ചയിൽ പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ കോൺഗ്രസിന് വിജയപ്രതീക്ഷയുള്ള സംസ്ഥാനമാണ്. ആഭ്യന്തരപ്രശ്‌നങ്ങൾ പാർട്ടിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിൽ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ കഴിവു തെളിയിച്ചു കഴിഞ്ഞു. അതേപോലെ രാജസ്ഥാനിലും ഖാർഗെയുടെ ഇടപെടൽ പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

