വെല്ലുവിളിച്ച് ഗെഹ്ലോട്ട്; പാപ്പരായി ഹൈകമാൻഡ്
text_fieldsന്യൂഡൽഹി: ഏറ്റവും വിശ്വസ്തനെന്ന നിലയിൽ പാർട്ടി പ്രസിഡന്റായി വാഴിക്കാനിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉയർത്തിയ അപ്രതീക്ഷിത വെല്ലുവിളിക്ക് മുന്നിൽ പാപ്പരായി കോൺഗ്രസ് ഹൈകമാൻഡ്. പാർട്ടിയിൽ തങ്ങളുടെ ആജ്ഞാശക്തി ചോദ്യം ചെയ്യപ്പെടുകയും അപമാനിതരാവുകയും ചെയ്ത നെഹ്റുകുടുംബം, ഗെഹ്ലോട്ടിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കാനോ സചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനോ കഴിയാത്ത വിഷമവൃത്തത്തിൽ.
തങ്ങളുടെ ശക്തി ദൗർബല്യങ്ങൾ നന്നായറിയുന്ന ഗെഹ്ലോട്ട് നടത്തിയ അട്ടിമറിയിൽ നെഹ്റുകുടുംബത്തിന് കടുത്ത അമർഷമുണ്ട്. അതേസമയം, ഗെഹ്ലോട്ടിന്റെ കരുനീക്കങ്ങൾ ഫലപ്രദമായി നേരിടാൻ കഴിയാതെ പതറിനിൽക്കുകയാണ് ഹൈകമാൻഡ്. നെഹ്റുകുടുംബത്തിന്റെ താൽപര്യം രാജസ്ഥാനിൽ നടപ്പാക്കാൻ കഴിയാതെ കേന്ദ്ര നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജിത് മാക്കനും മടങ്ങിയതിനിടയിൽ, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥിനെ സഹായം തേടി ഡൽഹിക്ക് വിളിച്ചുവരുത്തി. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്ക് അകമ്പടി പോകുന്ന സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും വീണ്ടുമൊരിക്കൽകൂടി ഡൽഹിക്ക് വിളിച്ചു. ഇതിനെല്ലാമിടയിലും സചിന് മുഖ്യമന്ത്രി സ്ഥാനവും ഗെഹ്ലോട്ടിന് പാർട്ടി പ്രസിഡന്റ് സ്ഥാനവും നിഷേധിക്കാത്ത ഒരു പോംവഴിക്ക് സാധ്യതയില്ല.
പിന്തുണക്കുന്ന 90ഓളം എം.എൽ.എമാരുടെ കർക്കശ നിലപാടിന് പിന്നിലെ ശക്തി മുഖ്യമന്ത്രി ഗെഹ്ലോട്ടല്ലാതെ മറ്റാരുമല്ലെന്ന് പകൽ പോലെ വ്യക്തമാണ്. പാർട്ടി പ്രസിഡന്റ് സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒന്നിച്ചുകൊണ്ടുനടക്കാമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ സചിനെതിരെ സ്വന്തം എം.എൽ.എമാരെ ഗെഹ്ലോട്ട് കളത്തിലിറക്കുകയായിരുന്നു. സചിൻ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള നെഹ്റുകുടുംബത്തിന്റെ താൽപര്യം നടപ്പാക്കാനെത്തിയ കേന്ദ്ര നിരീക്ഷകർ ഹൈകമാൻഡിനൊപ്പം നാണം കെട്ട് ഡൽഹിക്ക് മടങ്ങുകയാണുണ്ടായത്.
മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ സോണിയയെ അധികാരപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയം പാസാക്കാൻ വിളിച്ച കോൺഗ്രസ് എം.എൽ.എമാരുടെ യോഗം ഗെഹ്ലോട്ട് പൊളിച്ചു. ഗെഹ്ലോട്ട് അനുകൂലികളായ എം.എൽ.എമാർ സമാന്തര ഗ്രൂപ് യോഗം നടത്തി സചിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും നിയമസഭ കക്ഷി യോഗം ബഹിഷ്കരിക്കുകയും ചെയ്തു. സചിനെ മുഖ്യമന്ത്രിയാക്കിയാൽ കൂട്ട രാജിഭീഷണി മുഴക്കി. നിയമസഭ കക്ഷി യോഗത്തിനെത്തിയത് സചിനും ഒപ്പം നിൽക്കുന്ന രണ്ടു ഡസനിൽ താഴെ എം.എൽ.എമാരും മാത്രം. അവരും കേന്ദ്രനിരീക്ഷകരും മണിക്കൂറുകൾ കാത്തിരുന്ന് യോഗം റദ്ദാക്കിയതിനിടയിൽ രാജിക്കത്ത് കൈമാറാൻ പുറപ്പെട്ട ഗെഹ്ലോട്ട് പക്ഷക്കാരായ എം.എൽ.എമാർ ലക്ഷ്വറി ബസിൽ സ്പീക്കറുടെ വസതിയിലായിരുന്നു.
കേന്ദ്ര നിരീക്ഷകരായ ഖാർഗെയും മാക്കനും അനുനയത്തിന് കിണഞ്ഞുശ്രമിച്ചെങ്കിലും പൊളിഞ്ഞു. എം.എൽ.എമാരെ ഒറ്റക്കൊറ്റക്ക് കണ്ട് അഭിപ്രായം ശേഖരിച്ച് ഹൈകമാൻഡിന് റിപ്പോർട്ട് നൽകാമെന്ന അവരുടെ നിർദേശം എം.എൽ.എമാർ തള്ളി. ഒറ്റക്ക് കാണുമ്പോൾ സ്വാധീനിക്കാനുള്ള ശ്രമം നടന്നേക്കുമെന്ന് കണ്ട ഗെഹ്ലോട്ട് പക്ഷം, പല ഗ്രൂപ്പുകളായി കാണാമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. കോൺഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മുഖ്യമന്ത്രിയെ പുതിയ പ്രസിഡന്റ് തീരുമാനിക്കുമെന്ന വിധത്തിൽ ഉപാധിയും വെച്ചു.
സോണിയ ഗാന്ധിയുടെ അധികാരം തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള നീക്കത്തിൽ എം.എൽ.എമാരുടെ ശക്തിസ്രോതസ്സ് ഗെഹ്ലോട്ട് തന്നെ. സമാന്തര ഗ്രൂപ്പുയോഗം നടത്തിയതും നിയമസഭ കക്ഷി യോഗം ബഹിഷ്കരിച്ചതും കൂട്ടരാജി ഭീഷണിയും ഉപാധി വെച്ച് പ്രമേയം ആവശ്യപ്പെട്ടതുമെല്ലാം കടുത്ത പാർട്ടി അച്ചടക്ക ലംഘനമാണ്. എന്നാൽ അതിനുമുന്നിൽ നിസ്സഹായമായി നിൽക്കുകയാണ് ഹൈകമാൻഡ്.
പ്രസിഡന്റാക്കാനിരുന്ന ഗെഹ്ലോട്ട് റെബലായി. മുഖ്യമന്ത്രി കസേര കിട്ടാത്ത സചിൻ പൈലറ്റ് പാർട്ടി വിട്ടെന്നു വരാം. ഗെഹ്ലോട്ട് പറയുന്നയാളെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാജസ്ഥാനിൽ പാർട്ടി തന്നെ പിളരും. വിശ്വസ്തവിധേയനെ സ്ഥാനാർഥിയാക്കി കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അനായാസം നടത്താമെന്ന കണക്കുകൂട്ടൽ പാളി. പുതിയ പ്രസിഡന്റ് സ്ഥാനാർഥിയെ കണ്ടെത്തുകയും ഗെഹ്ലോട്ടിന്റെ ഭരണ നേതൃത്വവുമായി പൊരുത്തപ്പെടുകയും വേണം. രാജസ്ഥാനിലെ അടിസ്ഥാന സാഹചര്യങ്ങൾ കാണാതെയും, ഒറ്റവരി പ്രമേയം ഉദ്ദേശിച്ച് നിയമസഭ കക്ഷി യോഗം വിളിക്കുന്നതിനുമുമ്പ് മുന്നൊരുക്കം നടത്താതെയും നീങ്ങിയതിന്റെ കെടുതി കൂടിയാണ് നേതൃത്വം ഏറ്റുവാങ്ങുന്നത്.
രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. തന്ത്രമോ മുന്നൊരുക്കങ്ങളോ ഇല്ലാതെ കോൺഗ്രസിന് കൈവിട്ടുപോയത് നിരവധി സംസ്ഥാനങ്ങളാണ്. പടിയിറങ്ങിപ്പോയത് നിരവധി നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

