ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ
text_fieldsഅശോക് ഗജപതി രാജു
പനാജി: മുതിർന്ന ബി.ജെ.പി നേതാവ് പി.എസ്. ശ്രീധരൻ പിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി. മുൻ വ്യോമയാന മന്ത്രി പുസപതി അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. അൽപസമയം മുമ്പാണ് രാഷ്ട്രപതി ഭവനിൽ നിന്ന് ഇതുസംബന്ധിച്ച് ഉത്തരവ് വന്നത്.ഹരിയാനയിലെ പുതിയ ഗവർണറായി അസിം കുമാർ ഘോഷിനെയും ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവർണറായി കബീന്ദ്ര സിങ്ങിനെയും നിയമിച്ചിട്ടുണ്ട്.
അതേസമയം, ശ്രീധരൻ പിള്ളക്ക് പകരം നിയമനം നൽകിയിട്ടില്ല. മിസോറം ഗവർണറായും ശ്രീധരൻ പിള്ള സേവനമനുഷ്ടിച്ചിരുന്നു. അതിനു ശേഷമാണ് ഗോവയിലേക്ക് മാറിയത്.മോദി സർക്കാറിന്റെ കാലത്തെ മുൻ സിവിൽ വ്യോമയാന മന്ത്രിയായിരുന്നു(2014 മുതൽ 2018വരെ) ഗജപതി രാജു.
ചൈന്നൈയാണ് അശോക് ഗജപതിയുടെ ജൻമദേശം. 25 വർഷത്തിലേറെയായി ആന്ധ്രപ്രദേശ് നിയമസഭാംഗമായിരുന്നു. 13 വർഷം ആന്ധ്രപ്രദേശ് സർക്കാറിൽ മന്ത്രി സ്ഥാനവും വഹിച്ചു. വാണിജ്യ നികുതി, എക്സൈസ്, നിയമനിർമാണ കാര്യം, ധനകാര്യം, ആസൂത്രണം, റവന്യൂ എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.
1978ൽ ജനതാ പാർട്ടി സ്ഥാനാർഥിയായാണ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. വിജയനഗരം വിധാൻ സഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1982 ൽ തെലുങ്കുദേശം പാർട്ടി രൂപീകരിച്ചപ്പോൾ അതിൽ ചേരുകയും 1983, 1985, 1989, 1994, 1999, 2009 വർഷങ്ങളിലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തു. 2014ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

