‘ആശ’സമരത്തിന്റെ പ്രതിധ്വനി പാർലമെന്റിൽ; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി കേരള എം.പിമാർ
text_fieldsന്യൂഡൽഹി: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവര്‍ക്കര്‍മാർ നടത്തുന്ന സമരം ഒരുമാസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ അവരുന്നയിക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരളത്തിൽനിന്നുള്ള എം.പിമാർ ലോക്സഭയിൽ ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ചത്തെ ശൂന്യവേളയിലെ പ്രധാന വിഷയമായി ആശ വർക്കർമാരുടെ സമരം മാറി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍, കോൺഗ്രസ് എം.പിമാരായ ഷാഫി പറമ്പിൽ, ശശി തരൂർ, വി.കെ. ശ്രീകണ്ഠൻ, എം.കെ. രാഘവൻ, കേരള കോൺഗ്രസ് പ്രതിനിധിയായ ഫ്രാൻസിസ് ജോർജ്, ആർ.എസ്.പി പ്രതിനിധി എന്‍.കെ. പ്രേമചന്ദ്രന് എന്നിവരാണ് വിഷയം ഉന്നയിച്ചത്. വിഷയം സമഗ്രമായി അവതരിപ്പിക്കാൻ എം.പിമാർക്ക് സമയം ലഭിച്ചു. നേരത്തേ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച ബി.ജെ.പി എം.പി സുരേഷ് ഗോപി സഭയിൽ ഇടപെട്ടില്ല.
232 രൂപ വേതനം അവഹേളനം -കെ.സി. വേണുഗോപാൽ
ആരോഗ്യരംഗത്തെ പോരാളികളായ ആശ വർക്കർമാർക്ക് ഒരുദിവസത്തെ വേതനം കേവലം 232 രൂപയാണെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇതും കൃത്യമായി ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ അവരെ അധിക്ഷേപിക്കുകയാണ്. തെലങ്കാനയും കര്‍ണാടകയും സിക്കിമും കൂടുതല്‍ വേതനം നല്കുന്നു. കേരളത്തിന് മാത്രം വേതന വർധനക്ക് തടസ്സമെന്താണ്. വിരമിച്ചാല്‍ വെറും കൈയോടെ പോകേണ്ട നിലയാണ്. അവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. 30 ദിവസമായി തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വർക്കർമാർ സമരത്തിലാണ്. അവര്‍ക്ക് ദിവസവേതനം ലഭിക്കുന്നില്ല. സമരത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറും പരസ്പരം പഴിചാരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാസവേതനം 21,000 രൂപ ആക്കണം -വി.കെ. ശ്രീകണ്ഠൻ
പ്രധാനമായും മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശ വർക്കർമാർ തിരുവനന്തപുരത്ത് സമരം ചെയ്യുന്നതെന്നും അവരുമായി ചർച്ച നടത്താൻപോലും സംസ്ഥാന സർക്കാർ തയാറായിട്ടില്ലെന്നും പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. ഇക്കാലമത്രയും 7000 രൂപക്ക് ജോലി ചെയ്യുന്ന അവരുടെ മാസവേതനം 21,000 രൂപ ആക്കണമെന്നാണ് പ്രധാന ആവശ്യം. ജോലിയിൽ സ്ഥിരപ്പെടുത്തണമെന്നും വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപയെങ്കിലും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആശയറ്റവരാണ് ആശ വർക്കർമാർ -ഷാഫി പറമ്പിൽ
‘ആശ’യെന്ന പേരിനർഥം പ്രതീക്ഷ ആണെങ്കിലും സ്വന്തം ജീവിതത്തില്‍ പ്രതീക്ഷയറ്റവരാണ് ആശവർക്കർമാർ എന്ന് വടകര എം.പി ഷാഫി പറമ്പിൽ പറഞ്ഞു. ബന്ധുക്കൾവരെ വീടുകൾ സന്ദർശിക്കാൻ തയാറാകാതിരുന്ന കോവിഡ് കാലത്ത് നമ്മളെ പരിചരിച്ചവരാണവർ. എന്നിട്ടും നാമെന്താണ് അവർക്ക് തിരിച്ചുകൊടുത്തതെന്ന് അദ്ദേഹം ചോദിച്ചു. മറ്റൊരു ജോലിക്കും പോകാനാകാതെ 12 മുതൽ 14 മണിക്കൂർവരെ ജോലി ചെയ്യുന്ന ഇവർക്ക് മിനിമം വേതന നിയമംപോലും ബാധകമല്ല. പ്രസവിച്ച അമ്മമാരുടെയും അവരുടെ കുട്ടികളുടെയും ആരോഗ്യവും പ്രതിരോധ കുത്തിവെപ്പും ആരോഗ്യ സർവേയും പാലിയേറ്റീവ് കെയറുമെല്ലാം അവർ നോക്കണം. പ്രാഥമിക ആരോഗ്യമേഖലയിൽ ഒഴിച്ചുകൂടാനാകാത്ത ആശവർക്കർമാർക്ക് പറയാനുള്ളത് കേൾക്കണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
നീതിയും അന്തസ്സും കാണിക്കണം -ശശി തരൂർ
തങ്ങളുടേത് തൊഴിലായി അംഗീകരിക്കാനും വേതന കുടിശ്ശിക തീർത്തുനൽകാനും നല്ല തൊഴിൽ അന്തരീക്ഷത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കും വേണ്ടി സമരം നടത്തുന്ന ആശ വർക്കർമാരോട് നീതിയും അന്തസ്സും കാണിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. കേരളത്തിൽ കേവലം 7000 ആണ് ആശ വർക്കർമാരുടെ വേതനം. തന്റെ മണ്ഡലമായ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് ആശ വർക്കർമാരുടെ സമരം. അവരെ വിലകുറച്ചുകാണാനുള്ള വ്യവസ്ഥാപിത നീക്കത്തിന്റെ ഉദാഹരണമാണ് സമരത്തോടുള്ള സമീപനം. സ്ത്രീകളായത് കൊണ്ടാണോ അവരുടെ ആവശ്യങ്ങളെ ഗൗനിക്കാത്തതെന്ന് ചോദിച്ച ശശി തരൂർ ഔദ്യോഗിക ആരോഗ്യ പ്രവർത്തകരായി ആശ പ്രവർത്തകരെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ഗൗരവമേറിയ പ്രശ്നങ്ങൾ -എൻ.കെ. പ്രേമചന്ദ്രൻ
30 ദിവസമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കർമാര്‍ ഉന്നയിക്കുന്ന അതീവ ഗൗരവമേറിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന് ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിഷയത്തില്‍ ഒളിച്ചുകളിക്കുകയാണ്. കേന്ദ്രം പണം നല്‍കുന്നില്ല എന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയത് കേന്ദ്രം നല്‍കേണ്ട തുക കൃത്യമായി നല്‍കുന്നുണ്ടെന്നാണ്. ഓണറേറിയവും ഇന്‍സെന്റീവും ഇപ്പോഴും കുടിശ്ശികയാണ്. തുച്ഛമായ തുകപോലും കുടിശ്ശിക ഇല്ലാതെ നൽകുന്നില്ല എന്നത് നീതീകരിക്കാനാവില്ല. അടിയന്തരമായി ഓണറേറിയവും ഇൻസെന്റീവും വർധിപ്പിക്കണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
കേന്ദ്രവിഹിതം അനുവദിക്കണം - എം.കെ. രാഘവൻ
ആശ വർക്കർമാരുടെ സമരം കോഴിക്കോട് എം.പി എം.കെ. രാഘവൻ എം.പി റൂൾ 377 പ്രകാരം ലോക്സഭയിൽ ഉന്നയിച്ചു. അവരുടെ അർപ്പണ മനോഭാവത്തെ അംഗീകരിക്കണമെന്നും അവഗണിക്കരുതെന്നും എം.പി ആവശ്യപ്പെട്ടു. ഓണറേറിയം വർധന, സ്പെഷൽ റിട്ടയർമെന്റ് പാക്കേജ് എന്നീ ആവശ്യങ്ങൾ ന്യായമാണ്. സംസ്ഥാന സർക്കാർ അവകാശപ്പെടുന്നതുപോലെ ആശമാർക്കുള്ള കേന്ദ്രവിഹിതം ബാക്കിയുണ്ടെങ്കിൽ അടിയന്തരമായി അനുവദിക്കണമെന്നും രാഘവൻ ചൂണ്ടിക്കാട്ടി.
കേന്ദ്രം ഇടപെടണം -ഫ്രാൻസിസ് ജോർജ്
അവധിയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ 62ാം വയസ്സിൽ വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ പിരിഞ്ഞുപോകുവാൻ നിർബന്ധിരാവുന്ന ആശ പ്രവർത്തകരെ സംസ്ഥാന സർക്കാർ അവഗണിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഇൻസെന്റീവ് ഉയർത്തണം. സംസ്ഥാന സർക്കാർ നൽകുന്ന 6000 രൂപയും 1000 രൂപയിൽ താഴെ വരുന്ന ഫീൽഡ് വർക്കിനുള്ള സാമ്പത്തിക സഹായവും കൃത്യമായി എല്ലാ മാസവും ലഭിക്കുന്നില്ലെന്നും ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി.
ആശ പ്രവർത്തകർക്കായി രാജ്യസഭയിൽ വനിത കമീഷൻ മുൻ അധ്യക്ഷ
ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലായ ആശാപ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും തൊഴിലിന് സാമ്പത്തിക സുരക്ഷിതത്വമില്ലെന്നും ഹരിയാനയിൽ നിന്നുള്ള ബി.ജെ.പി അംഗവും കേന്ദ്ര വനിത കമീഷൻ മുൻ അധ്യക്ഷയുമായ രേഖ ശർമ രാജ്യസഭയിൽ പറഞ്ഞു. അവർക്ക് തൊഴിൽ ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ നൽകണമെന്നും രേഖ ശർമ ആവശ്യപ്പെട്ടു.
മാതൃശിശു പരിചരണം, ആരോഗ്യ സംരക്ഷണം, രോഗവ്യാപനം തടയൽ, ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കൽ തുടങ്ങി ആരോഗ്യ പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാറിനും ജനങ്ങൾക്കുമിടയിൽ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് ആശാവർക്കർമാർ. നിർഭാഗ്യവശാൽ, തൊഴിലിന്റെ പ്രാധാന്യം അനുസരിച്ചുള്ള വേതനം അവർക്ക് ലഭിക്കുന്നില്ല. പെൻഷൻ, ഇൻഷുറൻസ്, പ്രസവാനുകൂല്യം തുടങ്ങി സാമൂഹ്യ സുരക്ഷ നേട്ടങ്ങളൊന്നും അവർക്ക് നൽകുന്നില്ല.
സ്വയംരക്ഷ നോക്കാതെ, കോവിഡ് മഹാമാരിക്കാലത്ത് രോഗവ്യാപനം തടയാൻ വീടുവീടാനന്തരം കയറി ജനങ്ങൾക്ക് അവബോധം നൽകുന്നതിൽ മുൻനിരയിലുണ്ടായിരുന്നവരാണ് ആശാവർക്കർമാർ. വേതനം വർധിപ്പിക്കാനും കൃത്യമായി ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനും നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

